കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടി മുഴക്കുന്നില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വൃദ്ധ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മുഴക്കുന്ന് സ്വദേശി സരോജിനി പീഡനത്തിനിരയായ കാര്യം സ്ഥിരീകരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. രണ്ട് ദിവസം മുന്‍പാണ് മുഴക്കുന്ന് സ്വദേശിയായ സരോജിനി തറവാട്ടുവീട്ടില്‍ വെച്ച് തൂങ്ങി മരിക്കുന്നത്.
സ്വന്തം വീട്ടില്‍ നിന്നും കാണാതായ ഇവരെ വൈകിട്ട് ഏഴ് മണിയോടെ തറവാട്ടു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്നു തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ച കേസില്‍ പുതിയ വിവരം പുറത്തു വരുന്നത് ഇന്നാണ്. ഇന്നലെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം സംസ്കരിച്ചിരുന്നു. ഈ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇവര്‍ ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിക്കുന്നത്.
റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബലാത്സംഗക്കുറ്റമടക്കം ചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, മരണത്തില്‍ നിലവില്‍ ആത്മഹത്യക്കപ്പുറമുള്ള മറ്റു സാധ്യതകളുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടില്ല. ലൈംഗിക പീഡനത്തിന് ഇരയായതിനാലാവാം ആത്മഹത്യയെന്ന നിഗമനവുമുണ്ട്. ലൈംഗിക പീഡനത്തിന് ഇരയായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സംശയിക്കുന്ന ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. പക്ഷെ കൃത്യമായ വിവരം ഇതുവരെയും ലഭിച്ചിട്ടില്ല. ബന്ധുക്കളടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്തും മൊഴിയെടുത്തും പ്രതികളെ ഉടന്‍ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
