തൃശൂര്‍: പുലാക്കോട് വൃദ്ധയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി പൊന്തക്കാട്ടില്‍ തള്ളി. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ്. പുലാക്കോട് ഒടവത്തൊടിയില്‍ കല്യാണിയെന്ന എഴുപത്കാരിയാണ് കൊല്ലപ്പെട്ടത് 

പുലാക്കോട് കോട്ടപ്പുറം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തെ കാടുമൂടിക്കിടന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരി ചാക്കുകെട്ട് കണ്ട് നാട്ടകാരെ അറിയിക്കുകയായിരുന്നു. റൂറല്‍ എസ്.പി യതീശ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പരിശോധനയില്‍ ഒടവത്തൊടിയില്‍ വീട്ടില്‍ കല്യാണിയെന്ന എഴുപതുകാരിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ക്ഷേത്രത്തില്‍ നിന്നും 200 മീറ്റര്‍ അകലെയാണ് കല്യാണിയുടെ വീട്. മൂന്നു ദിവസമായി കല്യാണിയെ കാണാതായിട്ട്. ഇവര്‍ ഒറ്റക്കായിരുന്നു താമസം. രണ്ട് മക്കളുണ്ട്. ഒരുമകന്‍ കൊച്ചിയിലായിരുന്നു. 

കല്യാണി ഇടയ്ക്ക് ക്ഷേത്രങ്ങളില്‍ പോയിരിക്കുക പതിവുള്ളതിനാല്‍ വീട്ടുകാരും ശ്രദ്ധിച്ചില്ല. മൃതദേഹം കണ്ട വിവരമറിഞ്ഞ് മകന്‍ സ്ഥലത്തെത്തിയിരുന്നു. കൊല്ലപ്പെട്ടത് കല്യാണിയാണെന്ന് തിരിച്ചറിഞ്ഞു. മാലയും വളയും നഷ്ടപ്പെട്ടതായി മകന്‍ പൊലീസിനോട് പറഞ്ഞു. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. കൊലപാതകം നടന്നത് മോഷണ ശ്രമത്തിനിടെയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ പരിക്കുകളുമുണ്ട്. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. മൃതദേഹം കണ്ടെത്തിയ ക്ഷേത്ര പരിസരത്തുനിന്നും കല്യാണിയുടെ വീടിന്‍റെ പരിസരത്തേക്കാണ് പൊലീസ് നായ മണം പിടിച്ചെത്തിയത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കല്യാണിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.