പ്രളയത്തിൽ തകർന്ന വീട് നന്നാക്കാൻ വൃക്ക വില്‍ക്കാനൊരുങ്ങി ദമ്പതികള്‍. അടിമാലിയിലെ ജോസഫും ഭാര്യയുമാണ് വൃക്ക വില്‍ക്കാനൊരുങ്ങുന്നത്. വീടിന്‍റെ ചുമരില്‍ പരസ്യം എഴുതി വൃദ്ധ ദമ്പതികള്‍. സഹായം അനുവദിക്കുന്ന കാര്യത്തിൽ കൈമലർത്തി പഞ്ചായത്ത്. വീട് പൂർണ്ണമായും തകർന്നിട്ടില്ലെന്ന് അധികൃതർ.
ഇടുക്കി: പ്രളയത്തിൽ തകർന്ന വീട് നന്നാക്കാൻ വൃക്ക വില്‍പ്പനക്കൊരുങ്ങി അടിമാലി വെള്ളത്തൂവലിലെ വൃദ്ധ ദമ്പതികൾ. അർഹതപ്പെട്ട ആനുകൂല്യത്തിന് കൈക്കൂലി കൊടുക്കാനാണ് വൃക്ക വിൽപനക്കൊരുങ്ങുന്നതെന്ന് ഇവർ ആരോപിക്കുന്നു. തകർന്ന വീടിന്‍റെ ചുമരിൽ പരസ്യം എഴുതി വച്ചുമാണ് വൃക്ക വിൽപനക്കുളള ശ്രമം.
പ്രളയ ദുരന്തത്തിൽ എട്ടു മുറികൾ ഉള്ള വീട് പൂര്‍ണ്ണമായും തകർന്നു. കൈക്കൂലി കൊടുക്കാത്തതിനാൽ ഒരു സഹായവും കിട്ടിയില്ല. അതിന് പണമുണ്ടാക്കാനാണ് വൃക്ക വിൽക്കാനായി വെള്ളത്തൂവൽ തണ്ണിക്കോട്ട് ജോസഫിന്റെ വീട്ടുചുമരില്‍ പരസ്യം എഴുതിവച്ചിരിക്കുന്നത്. ആഗസ്റ്റിലെ പ്രളയകാലത്തെ വീടിന്റെ തകർച്ചയെ തുടർന്ന് കയറിയിറങ്ങാത്ത ഓഫീസുകളോ മുട്ടാത്ത വാതിലുകളോ ഇല്ലെന്ന് ജോസഫ് പറയുന്നു. ആറു മാസമായിട്ടും ഒരു സഹായവും കിട്ടാത്തതിനു കാരണം കൈക്കൂലി കൊടുക്കാഞ്ഞതിനാലാണെന്ന് ബോദ്ധ്യപ്പെട്ടതായുമാണ് ജോസഫിന്‍റെ ആരോപണം.
ഭാര്യ ആലീസും ചേർന്നുളള ഇരുപത്തിയഞ്ച് വർഷത്തെ അദ്ധ്യാനത്തിൽ നിർമ്മിച്ച വീടാണ് തകർന്നത്. രോഗംമൂലം ആരോഗ്യമില്ലാത്തതിനാലാണ് പുനർനിർമ്മാണത്തിന് വൃക്ക വിറ്റ് പണം നേടാൻ ശ്രമിക്കുന്നതെന്നും ജോസഫ് പറയുന്നു. എന്നാൽ വീടു പൂർണ്ണമായി തകർന്നിട്ടില്ലാത്തതും, തകർന്ന ഭാഗത്ത് വാടകക്കാരുണ്ടായിരുന്നതും അടക്കമുളള സാങ്കേതിക തടസ്സങ്ങളാണ് പ്രശ്നത്തിന് കാരണമായതെന്നാണ് അധികൃതർ പറയുന്നത്.
