വയനാട്: കല്‍പ്പറ്റ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ആശുപത്രി കാന്റീനില്‍ നിന്നടക്കം പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഫാത്തിമാ ആശുപത്രി കാന്റീന്‍, സിവില്‍ സ്‌റ്റേഷന്‍ കാന്റീന്‍, ലഞ്ച് എസ്, ഹോട്ടല്‍ പ്രിയ, ഹോട്ടല്‍ ഗോപിക, എസ്.എസ് വനിത മെസ്, അറഫ ഹോട്ടല്‍, ഇന്ത്യന്‍ കോഫി ഹൗസ്, തൃപ്തി മെസ്, ഹോട്ടല്‍ തമര്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി പിഴ ചുമത്തി. കഴിഞ്ഞ ദിവസം കല്‍പ്പറ്റയിലെ മത്സ്യ മൊത്ത വിതരണ കേന്ദ്രത്തില്‍ നിന്ന് പഴകിയ മത്സ്യവും പിടികൂടിയിരുന്നു. 

നഗരസഭാ ചെയര്‍പേഴ്‌സന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അഴുകിയ നിലയില്‍ സൂക്ഷിച്ച 20 പെട്ടി മത്സ്യമാണ് പിടിച്ചെടുത്തത്. നഗരങ്ങളില്‍ നിന്ന് വിട്ടുമാറിയ ഹോട്ടലുകളില്‍ വ്യാപകമായി പഴകിയ ഭക്ഷണം വില്‍പ്പനയുണ്ടെന്ന വിവരം ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന് ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഗ്രാമപ്രദേശങ്ങളില്‍ ഹോട്ടലുകളിലും മത്സ്യ-മാംസ മാര്‍ക്കറ്റുകളില്‍ പരിശോധന നടത്താനാണ് അധികൃതരുടെ നീക്കം.

ട്രോളിങ് ആരംഭിച്ചത് മുതല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് അധികവും ജില്ലയിലേക്ക് മത്സ്യം എത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് സുല്‍ത്താന്‍ ബത്തേരിയില്‍ മൊത്തവിതരണ മാര്‍ക്കറ്റിലും ഫോര്‍മാലിന്‍ അടക്കമുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച മത്സ്യം പിടിച്ചെടുത്തിരുന്നു. ഈ മാര്‍ക്കറ്റ് അധികൃതര്‍ അടച്ചുപൂട്ടിയിട്ടുമുണ്ട്.