മലപ്പുറം കൊണ്ടോട്ടിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. നീറനാട് സ്വദേശി മു​ഹമ്മദ് ഷായാണ് മരിച്ചത്.

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. നീറനാട് സ്വദേശി മു​ഹമ്മദ് ഷായാണ് മരിച്ചത്. എറാട് എന്ന സ്ഥലത്താണ് അപകടം. പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്നാണ് ഷോക്കേറ്റത്. ഇന്നലെ രാത്രി മഴയെ തുടർന്ന് മരം വീണ് വൈദ്യുതി ലൈൻ പൊട്ടിവീണിരുന്നു. രാവിലെ വൈദ്യുതിയുണ്ടായിരുന്നില്ല. കെഎസ്ഇബിയിൽ വിളിച്ച് പറഞ്ഞതിനെ തുടർന്ന് അവരെത്താമെന്ന് അറിയിച്ചിരുന്നു.

തുടർന്ന് പറമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് മുഹമ്മദ് ഷായ്ക്ക് വൈദ്യുതാഘാതമേറ്റത്. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈദ്യുതി ലൈൻ പൊട്ടി വീണെന്ന് പരാതി അറിയിച്ചതിന് ശേഷവും കെഎസ്ഇബിക്കാർ വൈദ്യുതി വിച്ഛേദിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.