ഓച്ചിറ ക്ഷേത്രത്തിന് സമീപത്തെ ഒരു കടത്തിണ്ണയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കൊല്ലം ഓച്ചിറയില്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂര മര്‍ദ്ദനം. സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. മര്‍ദ്ദിച്ചയാളുകളെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല

ഓച്ചിറ ക്ഷേത്രത്തിന് സമീപത്തെ ഒരു കടത്തിണ്ണയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന രണ്ട് വയോധികരെയാണ് യുവാക്കള്‍ മര്‍ദ്ദിക്കുന്നതായി ദൃശ്യങ്ങളില്‍ കാണുന്നത്. ഒപ്പം കടുത്ത അസഭ്യം പറയുന്നതും കേള്‍ക്കാം. വീടില്ലാത്തവും ഉറ്റവര്‍ നഷ്ടപ്പെട്ടവരുടേയും ആശ്രയ കേന്ദ്രമാണ് ഓച്ചിറ ക്ഷേത്രവും പരിസരവും. തലയിലും കാലിലും ചവിട്ടിയ ശേഷം വയോധികരെ കടത്തിണ്ണയില്‍ നിന്നും വലിച്ചിഴച്ച് കൊണ്ട് പോകാൻ ശ്രമിക്കുന്നതും കാണാം. രാത്രികാലങ്ങളിൽ ഓച്ചിറയിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടമാണെന്ന പരാതി നേരത്തെഉയർന്നിരുന്നു. ഓച്ചിറയിലെ ജനജീവിതം തകർക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ നടപടി വേണമെന്നാണാ നാട്ടുകാരുടെ ആവശ്യം.