ദില്ലി: രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഓംപ്കാശ് റാവത്തിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് റാവത്ത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതി വിരമിക്കുന്ന സാഹചര്യത്തിലാണ് റാവത്തിനെ നിയമിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതേസമയം 1980 ബാച്ച് ഐഎഎസ് ഓഫീസറും മുന്‍ ധനകാര്യ സെക്രട്ടറിയുമായിരുന്ന അശോക് ലവാസയെ തെരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിച്ചു.

1977 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഓം പ്രകാശ് റാവത്ത്. 2015ലാണ് ആദ്യമായി ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. നേരത്തെ പ്രതിരോധ ജോയിന്‍റ് സെക്രട്ടറി പദവിയടക്കമുള്ള ഉന്നത സ്ഥാനങ്ങളില്‍ കേന്ദ്രത്തിലും മധ്യപ്രദേശിലുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്തെ 22ാമത് തെരഞ്ഞെടുപ്പ് കമ്മീഷണറായി നാളെയാണ് ഇദ്ദേഹം ചുമതലയേല്‍ക്കുക. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നാളെയാണ് വിരമിക്കുന്നത്. 2017ലായിരുന്നു ഇദ്ദേഹം ചുമതലയേറ്റത്.