ഒമാൻ തൊഴിൽ മന്ത്രാലയവും സെൻട്രൽ ബാങ്കും കൈകോർത്ത് തൊഴിൽ മേഖലയിൽ വേതന സംരക്ഷണ പദ്ധതി നടപ്പിലാക്കുന്നു. കൃത്യമായി ശമ്പളം കൊടുക്കുന്നതിൽ വീഴ്‍ച വരുത്തുന്ന കന്പനികളെ നിരീക്ഷിക്കാനാണ് പദ്ധതി. ബാങ്ക് വഴി ശമ്പളം നൽകാത്ത കമ്പനികൾക്ക് മേൽ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.

ഒമാന്റെ ദേശിയ ദിനമായ നവംബർ പതിനെട്ടു മുതൽ 'വേതന സംരക്ഷണ പദ്ധതി' രാജ്യത്തെ തൊഴിൽ മേഖലയിൽ ആരംഭിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. പുതിയ വേതന സംവിധാനത്തിലേക്ക്​മാറുവാൻ കമ്പനികൾക്ക്​മൂന്ന്​മാസത്തെ സമയപരിധി അനുവദിക്കും . കർശനമായും 'വേതന സംരക്ഷണ പദ്ധതി' പ്രകാരമായിരിക്കണം തൊഴിലുടമ ശമ്പളം നല്‍കേണ്ടത് എന്നു അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ജീവനക്കാരുടെ ബാങ്ക് ഇടപാടുകൾ നിരീക്ഷിക്കുവാൻ വേതന സംരക്ഷണ പദ്ധതിയിലൂടെ, പരിപാടികൾ രൂപകല്‍പന ചെയ്‍തിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഒമാനിലെ എല്ലാ ദേശിയ ബാങ്കുകളെയും ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഇത് മൂലം രാജ്യത്തു ജോലി ചെയ്‍തു വരുന്ന തൊഴിലാളികൾക്ക് യഥാസമയം ശമ്പളം ലഭിച്ചിട്ടുണ്ടോ എന്നു മന്ത്രാലയത്തിന് നേരിട്ടു നിരീക്ഷിക്കുവാൻ സാധിക്കും. 'വേതന സംരക്ഷണ പദ്ധതി' പ്രകാരം ശമ്പളം നൽകുന്നതിൽ വീഴ്‍ച വരുത്തുന്ന കമ്പനിക്ക് ഒരു ജീവനക്കാരനു നൂറു റിയൽ വീതം തൊഴിൽ ഉടമ പിഴ നല്‍കേണ്ടി വരും .

'വേതന സംരക്ഷണ പദ്ധതി' പദ്ധതി നടപ്പിൽ വരുന്നതോടു കൂടി തൊഴിൽ മേഖലയിലെ ചൂഷണങ്ങളൂം , അനശ്ചിതാവസ്ഥകളും പെട്ടെന്ന് പരിഹരിക്കുവാൻ സാധിക്കുമെന്ന് മന്ത്രാലയം വിലയിരുത്തുന്നു.