റിയാദ്: ഒമാന്‍ സര്‍ക്കാര്‍ നൂറ്റി മുപ്പത്തിയെട്ടു ദശലക്ഷം ഒമാനി റിയാല്‍ വായ്പയെടുക്കുന്നു. അറബ് ഫണ്ട് ഫോര്‍ എകോണമിക് ആന്റ് സോഷ്യല്‍ ഡെവലപ്മെന്റും ഒമാന്‍ സര്‍ക്കാറും രണ്ട് വായ്പാ കരാറുകളില്‍ ഒപ്പു വെച്ചു. ഒരു കരാര്‍ അറുപത്തി മൂന്നു ദശലക്ഷം ഒമാനി റിയലിന്റെതാണ്.
തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ 39 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബറക - നഖ്ല്‍ റോഡ്, ഇതിനോട് ചേര്‍ന്നുള്ള 27 കിലോമീറ്റര്‍ സര്‍വീസ് റോഡ്, ദോഫാര്‍ ഗവര്‍ണറേറ്റിലെ 36 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള താഖ - മിര്‍ബാത്ത് റോഡ്, ഇതിനോട് ചേര്‍ന്നുള്ള 18 കിലോമീറ്റര്‍ സര്‍വീസ് റോഡ് എന്നിവക്കായി ഈ തുക ചെലവഴിക്കും.
രണ്ട് മേഖലയിലെയും ഗതാഗത കുരുക്ക് കുറക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും ഉപകരിക്കുന്ന പദ്ധതികളാണ് ഇവ. ഈ മേഖലയിലെ സാമൂഹിക - വാണിജ്യ മുന്നേറ്റത്തിന് പുതിയ റോഡുകള്‍ കാരണമാകും. 75 ദശലക്ഷം ഒമാനി റിയാലിന്റേതാണ് രണ്ടാമത്തെ കരാര്‍.
മസ്‌കറ്റിലെ ഗുബ്രയില്‍ നിന്ന് സീബിലേക്കും, ബറകയില്‍ നിന്ന് ദാഖിലിയ്യ ഗവര്‍ണറേറ്റിലേക്കുമുള്ള ജല വിതരണ പദ്ധതികള്‍ക്ക് ഈ തുക വിനിയോഗിക്കും.
വിവിധ നിര്‍മാണ മേഖലകളിലേക്ക് ജലം എത്തിക്കുന്നതിനും ഈ പദ്ധതികള്‍ പ്രയോജനപ്പെടും. വര്‍ഷത്തില്‍ രണ്ടര ശതമാനം പലിശ നിരക്കില്‍ 30 വര്‍ഷത്തിനകം വായ്പാ തുക തിരിച്ചടച്ചാല്‍ മതിയാകും .
