ഖത്തര്‍ പ്രശ്നത്തില്‍ GCC രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഒമാന്‍ വിദേശകാര്യ മന്ത്രി കുവൈറ്റ് അമീറുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റിലെ ബയാന്‍ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഖത്തര്‍ വിഷയവുമായി വീണ്ടും കുവൈത്തിലെത്തിയ ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയെ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സ്വീകരിച്ചു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് അമീറിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരുന്ന എല്ലാ ഐക്യ ശ്രമങ്ങള്‍ക്കും ഒമാന്‍ വീണ്ടും പൂര്‍ണമായ പിന്തുണ വാഗ്ദാനം ചെയ്തു. ബയാന്‍ പാലസില്‍ കുവൈറ്റ് അമീറുമായി, യൂസുഫ് ബിന്‍ അലവി അബ്ദുല്ല നടത്തിയ ചര്‍ച്ചയില്‍ കുവൈറ്റ് കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, കുവൈറ്റ് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് എന്നിവരും പങ്കെടുത്തു. ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും, ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ ഒരുമാസക്കാലമായി ഒമാനും കുവൈത്തും തീവ്രശ്രമങ്ങള്‍ നടത്തിവരുകയാണ്. ഇതിന്റെ ഭാഗമായി ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ഇതിനു മുന്‍പ് ജൂണ്‍ ഏഴിന് കുവൈത്തിലെത്തിയിരുന്നു. ചര്‍ച്ചകളുടെ ഭാഗമായി സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ ജൂണ്‍ ഒമ്പതിന് മസ്കത്ത് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ചര്‍ച്ചകളിലൂടെ പ്രശ്ങ്ങള്‍ക്കു പരിഹാരം ഉണ്ടാകണം എന്നാണ് ഒമാന്റെ നിലപാട്.
