മസ്കറ്റ്: ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ മൂലധനം ഒരു ശതകോടി ഒമാനി റിയല്‍ ആയി ഉയര്‍ത്തുവാന്‍ തീരുമാനം. ഏപ്രില്‍ ഒന്ന് മുതല്‍ ഉയര്‍ന്ന മൂലധന നിരക്ക് നിലവില്‍ വരും. സെന്‍ട്രല്‍ ബാങ്ക് ബോര്‍ഡ് യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 760 ദശലക്ഷം ഒമാനി റിയാലാണ് സെന്‍ട്രല്‍ ബാങ്കിന്റെ ഇപ്പോഴത്തെ മൂലധനം.

ഏപ്രില്‍ ഒന്ന് മുതല്‍ മൂലധനം ഒരുശത കോടി ഒമാനി റിയല്‍ ആയി ഉയര്‍ത്തുവാനാണ് തീരുമാനം. സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോ. അലി ബിന്‍ മൂസയുടെ നേതൃത്വത്തില്‍ നടന്ന ഈ വര്‍ഷത്തെ ആദ്യത്തെ ബോര്‍ഡ് മീറ്റിങ്ങിലാണ് മൂലധനം ഉയര്‍ത്തുവാന്‍ ധാരണ ആയത്. ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായമടക്കം വിവിധ വിഷയങ്ങളില്‍ സെന്‍ട്രല്‍ ബാങ്കും ഒമാനില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗീകൃത ബാങ്കുകളും സ്വീകരിച്ചു വരുന്ന നിലപാടുകള്‍ യോഗം വിലയിരുത്തി.

കൂടതെ ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ 2017 ഫെബ്രുവരി 28 വരെയുള്ള സാമ്പത്തിക നിലയും, ബാങ്കിന്റെ വിദേശങ്ങളിലുള്ള നിക്ഷേപങ്ങളും യോഗം അവലോകനം ചെയ്തു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍, ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ഫണ്ട്, സെന്‍ട്രല്‍ ബാങ്ക് പെന്‍ഷന്‍ സ്‌കീം എന്നിവയുടെ കഴിഞ്ഞ ഡിസംബര്‍ 31 വരെയുള്ള ഓഡിറ്റഡ് അക്കൗണ്ടുകള്‍ യോഗം അംഗീകരിച്ചു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്റെ സാമ്പത്തിക, അഡ്മിനിസ്‌ട്രേഷന്‍ വിഷയങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.