രാജ്യത്തു നിലവിലുള്ള  മൂന്നു കോളേജുകളെ കൂട്ടിയിണക്കിയാണ് നാഷണൽ യൂണിവേഴ്സിറ്റി രൂപീകൃതമായിരിക്കുന്നത്.​

മസ്കറ്റ്: അറബ് മേഖലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒമാൻ പ്രധാന കേന്ദ്രമായി മാറിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഉപരിപഠനത്തിന് ഒമാനിലെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് സുരക്ഷിതത്വവും അനുയോജ്യമായ മറ്റു ഘടകങ്ങളും രാജ്യത്തു നിലനിൽക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അൽ സാർമി പറഞ്ഞു.

ഒമാനിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അന്തരീക്ഷം തികച്ചും പഠനത്തിന് അനുയോജ്യമായതിനാൽ സ്വദേശികളോടൊപ്പം ധാരാളം വിദേശികളായ വിദ്യാർത്ഥികൾ ഒമാനിൽ പഠനം പൂർത്തിയാക്കി വരുന്നു. രാജ്യത്തെ ഏഴാമത്തെ ശാസ്ത്ര സാങ്കേതിക സർവകലാശാല ആയ " നാഷണൽ യൂണിവേസിറ്റിയുടെ " പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഒമാനിലെ ഉന്നത വിദ്യാഭ്യാസ അണ്ടർ സെക്രട്ടറി അബ്ദുല്ല മുഹമ്മദ് അൽ സാർമി.

നൂതന രീതിയിൽ വിദ്യാഭ്യാസ നിലവാരം മികച്ച രീതിയിൽ ഉയർത്തുക എന്ന ലക്ഷ്യത്തിൽ ആണ് "നാഷണൽ യൂണിവേഴ്സിറ്റി' പഠന പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തു നിലവിലുള്ള മൂന്നു കോളേജുകളെ കൂട്ടിയിണക്കിയാണ് നാഷണൽ യൂണിവേഴ്സിറ്റി രൂപീകൃതമായിരിക്കുന്നത്.

ഒമാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അംഗീകാരത്തോടു കൂടിപ്രവർത്തനമാരംഭിച്ച നാഷണൽ യൂണിവേഴ്സിറ്റിയെ, ആഗോള അംഗീകാരമുള്ള ഒരു സർവകലാശാലയായി മാറ്റിയെടുക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാലിൽ ആണ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്ത് പ്രത്യേകമായി നിലവിൽ വന്നത്. ഇതിനു ശേഷം, വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ സർവകലാശാലകളുടെ അംഗീകാരത്തോടു കൂടി നിരവധി സർവകലാശാലകളും കോളേജുകളും ഒമാനിൽ പ്രവർത്തിച്ചു വരുന്നു.