സോഹാറിൽ പ്രതിസന്ധയിൽ ആയ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഇന്ത്യൻ സ്‌ഥാനപതി ഇന്ദ്രമണി പാണ്ടേ. എഞ്ചിനീറിങ് രംഗത്ത് പ്രവൃത്തി പരിചയമുള്ള പെട്രോണ്‍ ഗൾഫ് കമ്പനിയിലെ തൊഴിലാളികളെ ഒമാനിൽ തന്നെയുള്ള മറ്റു കമ്പനികളിലേക്ക് മാറ്റുന്ന കാര്യം സജീവ പരിഗണനയിലാണെന്നും സ്ഥാനപതി അറിയിച്ചു. ഇതിനകം 44 ജീവനക്കാരെ ഇന്ത്യയിലേക്ക് മടക്കി അയച്ചുകഴിഞ്ഞു.

ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെയും മസ്കറ്റ് ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെയും നേതൃത്വത്തിലാണ് പ്രശ്ന പരിഹാരത്തിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നത്. ജീവനക്കാരെ ആവശ്യമുള്ള കമ്പനികൾ സോഹാറിലെ ക്യാമ്പിലെത്തി നേരിട്ട് ഇന്റർവ്യൂ ചെയ്താണ് ജോലിക്കെടുക്കുന്നത്. ഇതിനോടകം എൺപതോളം പേർക്കു മറ്റു കമ്പനികളിൽ ജോലി ലഭിച്ചതായും സ്ഥാനപതി പറഞ്ഞു. നാട്ടിലേക്ക് മടങ്ങി പോകണമെന്നുള്ളവർക്കു വിമാന യാത്രാ ടിക്കറ്റും പിന്നീട് തിരിച്ചു ഒമാനിൽ ജോലിക്കായി എത്തുന്നവർക്ക് എൻ.ഒ.സി ലഭിക്കുന്നതുനുള്ള നടപടികളും നടന്നു വരുന്നുണ്ട്. 

ഏപ്രിൽ മാസം മുതലുള്ള ശമ്പളവും വിരമിക്കൽ അനൂകൂല്യവുമാണ് പെട്രോണ്‍ ഗൾഫ് കമ്പനിയിലെ ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ഇന്ത്യക്കാരുടെ ഉടമസ്ഥയിലുള്ള പെട്രോൺ ഗൾഫ് കമ്പനി 2007 ജൂലൈ 19നാണ് ഒമാനിൽ പ്രവർത്തനം ആരംഭിച്ചത്.