വിനോദസഞ്ചാരികൾക്കായി രണ്ടു വ്യത്യസ്ത ടൂറിസ്റ്റു വിസകൾ ആണ് ഇപ്പോൾ നിലവിൽ  വന്നിരിക്കുന്നത്. പത്ത് ദിവസം, ഒരു മാസം, എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്ന പുതിയ വിസയുടെ കാലാവധി. അഞ്ച് ഒമാനി റിയാലിന് പത്ത് ദിവസം രാജ്യത്ത് തങ്ങുവാനുള്ള ടൂറിസ്റ്റ് വിസ ലഭിക്കുമെന്നത് സഞ്ചാരികൾക്ക് ഏറെ ​​ഗുണപ്രദമാക്കും

മസ്കറ്റ്: ഒമാനിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് വിസ ലഭിക്കുന്നതിനുള്ള നടപടികൾ കൂടുതൽ ലളിതമാക്കി റോയൽ ഒമാൻ പോലീസ്. ടൂറിസ്റ്റ് വിസ ഫീസ് കുറച്ചതായും, വിസയ്ക്ക് അപേക്ഷിക്കാൻ ഓൺലൈൻ സംവിധാനം നിലവിൽ വന്നതായും ഇൻസ്‌പെക്ടർ ജനറൽ ഹുസൈന്‍ ബിന്‍ മുഹ്‌സിന്‍ അള്‍ ശുറൈഖി അറിയിച്ചു .

ടൂറിസം രംഗത്തെ സാധ്യതകൾ കണക്കിലെടുത്താണ് വിനോദസഞ്ചാര മന്ത്രാലയത്തിന്റെയും, റോയൽ ഒമാൻപോലീസിന്റെയും സംയുക്തനീക്കം. വിനോദസഞ്ചാരികൾക്കായി രണ്ടു വ്യത്യസ്ത ടൂറിസ്റ്റു വിസകൾ ആണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്. പത്ത് ദിവസം, ഒരു മാസം, എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്ന പുതിയ വിസയുടെ കാലാവധി.

നിയമ പരിഷ്‌കരണം സംബന്ധിച്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഹുസൈന്‍ മുഹ്സിൻ അൽ ശുറൈഖി വിജ്ഞാപനം പുറത്തിറക്കി. അഞ്ച് ഒമാനി റിയാലിന് പത്ത് ദിവസം രാജ്യത്ത് തങ്ങുവാനുള്ള ടൂറിസ്റ്റ് വിസ ലഭിക്കുമെന്നത് സഞ്ചാരികൾക്ക് ഏറെ ​​ഗുണപ്രദമാക്കും. മുപ്പതു ദിവസം കാലാവധിയുള്ള വിസയ്ക്ക് 20 ഒമാനി റിയലുമായിരിക്കും നിരക്ക്.

സ്‌പോണ്‍സര്‍മാരില്ലാതെ ഓൺലൈനിലൂടെ ഇലക്ട്രോണിക് വിസ ഉപയോഗപ്പെടുത്തി ഒമാനിലേക്ക് വരാന്‍ സാധിക്കുന്നവരുടെ പട്ടികയില്‍ കൂടുതല്‍ രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റോയല്‍ ഒമാന്‍ പോലീസിന്റെ വെബ്‌സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ട്. പുതിയ പരിഷ്കാരങ്ങൾ ഈ മാസം 14 മുതല്‍ പ്രാബല്യത്തില്‍ വന്നതായി റോയല്‍ ഒമാന്‍ പോലീസ് അധികൃതർ വ്യക്തമാക്കി.