87 തൊഴില്‍ വിസകൾക്കുള്ള നിരോധനം  ഒമാൻ ആറു മാസത്തേക്ക് കൂടി നീട്ടി

മസ്കത്ത്: 87 തൊഴില്‍ വിസകൾക്കുള്ള നിരോധനം ഒമാൻ ആറു മാസത്തേക്ക് കൂടി നീട്ടി. സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. തീരുമാനം പ്രവാസികളുടെ തൊഴിൽ സാധ്യതയ്ക്ക് തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ. 2018 ജനുവരി 28 നായിരുന്നു 87 തസ്തികകളിലേക്ക് വിസ അനുവദിക്കുന്നത് , ആറു മാസത്തേക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഒമാൻ മാനവ വിഭവ മന്ത്രാലയം പുറത്തിറക്കിയത്. നിരോധന കാലാവധി ജൂലൈ 29 തിന് അവസാനിക്കുന്ന സാഹചര്യത്തിൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായിട്ടാണ് മന്ത്രാലയത്തിന്റെ ഈ നടപടി.

ജൂലൈ 30 മുതല്‍ , 2019 ജനുവരി 29 വരെ വിസ നിരോധന കാലാവധി തുടരുമെന്നു ഒമാൻ മാനവ വിഭവ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ശാസ്ത്ര സാങ്കേതിക രംഗം , സാമ്പത്തിക മേഖല , മാര്‍ക്കറ്റിങ് - സെയില്‍, അഡ്മിനിസ്‌ട്രേഷന്‍ - ഇന്‍ഷുറന്‍സ്, മീഡിയ, ആരോഗ്യമേഖല , എന്‍ജിനിയറിങ്, മറ്റു സാങ്കേതികരംഗം എന്നീ മേഖലകളില്‍ നിന്നുമുള്ള 87 തസ്തികകള്‍ക്കാണ് വിസ നിരോധനം നിലനിൽക്കുന്നത്. ഈ നിരോധനം പുതിയ വിസ അനുവദിക്കുന്നതില്‍ മാത്രമാണെന്നും , നിലവിലുള്ള ജീവനക്കാർക്ക് വിസ പുതുക്കുവാൻ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.