ഒമാൻ സ്വദേശികൾ വിദേശ രാജ്യങ്ങളിൽ ചികിത്സ തേടി പോകുന്നതിൽ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം. വിദഗ്ദ്ധ സമിതിയുടെ പഠന റിപ്പോർട്ട് ലഭിച്ചാലുടൻ നിയന്ത്രണം പ്രാബല്യത്തിൽ വരും. ഇത് ഇന്ത്യയിലേക്കുള്ള മെഡിക്കൽ ടൂറിസത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തു ലഭ്യമല്ലാത്ത വിദഗ്ദ്ധ ചികിത്സകൾക്ക് മാത്രമാകും ഇനിയും വിദേശത്തേക്ക് പോകുവാൻ സ്വദേശികൾക്കു അനുവാദം നല്‍കുകയുള്ളുവെന്നു ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി . ഒമാനിലെ വിവിധ ആശുപത്രികളിൽ വ്യത്യസ്ത വിഭാഗങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഡോക്ടറുമാരടങ്ങുന്ന ഒരു സമതി , ഇത് സംബന്ധിച്ച പഠനങ്ങൾ നടത്തി വരികയാണ് .
പഠന റിപ്പോർട്ടുകൾ ഉടൻ തന്നെ പൂർത്തിയാകും , ഇതിനു ശേഷമാകും നിയന്ത്രണം പ്രാബല്യത്തിൽ വരിക. ആരോഗ്യ രംഗത്ത് സ്വകാര്യ മേഖലയിൽ വൻ നിക്ഷേപങ്ങൾ ആണ് ഇപ്പോൾ രാജ്യത്തു നടന്നു വരുന്നത്.
ആയതിനാൽ വിദഗ്‌ദ്ധ ചികിത്സ രാജ്യത്തു തന്നെ ലഭ്യമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ . കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വിദേശ രാജ്യത്തേക്ക് ചികിത്സ തേടി പോകുന്ന സ്വദേശികളിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്
ഇന്ത്യ , റഷ്യ , തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതൽ സ്വദേശികൾ ചികിത്സക്കായി പോകുന്നത് . 2016 ൽ , ഒമാൻ സ്വദേശികൾക്കായി തൊണ്ണൂറ്റി അയ്യായിരം വിസകളാണ് മസ്കറ് ഇന്ത്യൻ എംബസ്സി അനുവദിച്ചിരുന്നത്. ഇതിലേറിയ പങ്കു സ്വദേശികളും ചികിത്സക്കായിട്ടായിരുന്നു ഇന്ത്യയിലേക്കു എത്തിയിരുന്നത് . എന്നാൽ ഒമാൻ ആരോഗ്യ മന്ത്രാലയം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നിയന്ത്രണം, ഇന്ത്യയിലേക്ക് ചികിത്സ തേടി എത്തുന്നവരിൽ കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത് .
