മസ്‌ക്കറ്റ്: ഒമാനില്‍ ജനസംഖ്യാ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയതായി ദേശീയ സ്ഥിതി വിവര വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. വിദേശികളുടെ എണ്ണത്തിലാണ് ഗണ്യമായ കുറവ് ഉണ്ടായിരിക്കുന്നത്. അതേസമയം രാജ്യത്തെ ജനസംഖ്യയില്‍ 45 ശതമാനവും വിദേശികളാണ്.

ഒമാനിലെ ആകെ ജനസംഖ്യ 4,558,847 ആണ്. ഇതില്‍ 2,504,253 പേര്‍ സ്വദേശികളും, 2,054,594 വിദേശികളുമാണ്. ജൂണ്‍ മാസം സൂചിപ്പിക്കുന്ന രാജ്യത്തെ ഈ ജനസംഖ്യ നിരക്കില്‍, മെയ് മാസത്തെ അപേക്ഷിച്ചു 1.2 ശതമാനം കുറവാണെന്നാണ് ദേശീയ സ്ഥിതി വിവര വിഭാഗം വ്യക്തമാക്കുന്നത്. മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ വിദേശികളുടെ എണ്ണത്തില്‍ 6000 പേര് കുറവുള്ളതായി സൂചിപ്പിക്കുന്നു.

മെയ് മാസത്തിലെ കണക്ക് പ്രകാരം ജനസംഖ്യ 4,614,822 ആയിരുന്നു. ഇതില്‍ സ്വദേശികള്‍ 2,500,120ഉം വിദേശികള്‍ 2,114,702ഉം ആയിരുന്നു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 30 ശതമാനവും സ്ഥിരമായി താമസിച്ചു വരുന്നത് മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ആണ്. 964,018 വിദേശികളും, 519,844 സ്വദേശികള്‍ സ്വദേശികളുമാണ് മസ്‌കറ്റ് പ്രവിശ്യയില്‍ ഉള്ളത്.

ജനസംഖ്യയില്‍ 54.9 ശതമാനം സ്വദേശികളും 45.1 ശതമാനം വിദേശികളുമാണുള്ളത്. ദോഫാര്‍ ഗവര്‍ണറേറ്റിലും ബുറൈമി ഗവര്‍ണറേറ്റിലും സ്ഥിരതാമസക്കാര്‍ കൂടുതലും വിദേശികളാണ്. 251,797 വിദേശികളും 209,564 സ്വദേശികളുമാണ് ദോഫാറിലുള്ളത്. ബുറൈമിയില്‍ ആകെ ജനസംഖ്യ 114,995 ആണ്. ഇവരില്‍ 60,043 പേര്‍ വിദേശികളും. വിദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ വിദേശികളുടെ എണ്ണത്തില്‍ ഇനിയും കുറവുകള്‍ ഉണ്ടാകുവാന്‍ സാധ്യതകള്‍ കൂടുതലാണ്.