ബലി പെരുന്നാള്‍ പ്രഖ്യാപനം വന്നതോടെ ഒമാനിലെ മിക്ക സൂക്കുകളും സജീവമാകാന്‍ തുടങ്ങി. കന്നുകാലി ചന്തകളിലാണ് ബലി പെരുന്നാളിന് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്നത്. സീബ്, നിസ്‌വ, റുസ്താഖ് തുടങ്ങി ഒമാന്റെ വിവിധ ഭാഗങ്ങളില്‍ പരമ്പരാഗതമായി കന്നു കാലികളെയും ആടുകളെയും വില്‍ക്കുന്ന ചന്തകള്‍ ഏറെയാണ്. ഇത്തരം ചന്തകളില്‍ കൂടുതലും സ്വദേശികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. ഇറക്കുമതി ചെയ്യുന്ന ആടുകള്‍ക്ക് താരതമ്യേനെ വില കുറവാണെങ്കിലും നാടന്‍ ഇനങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത് , 

കൂടാതെ ഒമാനിലെ സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റയ മവേല പച്ചക്കറി മാര്‍കറ്റിലും ഉപഭോക്താക്കളുടെ തിരക്ക് ആരംഭിച്ചു കഴിഞ്ഞു. ചൂട് ഇപ്പോഴും അനുഭവപെടുന്നതിനാല്‍ പഴം-പച്ചക്കറി സാധനങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. ഇത് മുന്നില്‍കണ്ട് കച്ചവടക്കാരും കൂടുതല്‍ സാധനങ്ങള്‍ എത്തിച്ചു കഴിഞ്ഞു. ബലി പെരുന്നാള്‍ കഴിയും വരെ ഒമാനിലെ എല്ലാ സൂക്കുകളും സജീവമായിരിക്കും.