2017  ഡിസംബര്‍ 3 മുതല്‍  ഏപ്രില്‍ 16 വരെ 16,293 യുവാക്കള്‍ക്കും 7879  യുവതികള്‍ക്കുമായി 24 ,172 സ്വദേശികള്‍ക്കാണ് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒമാന്‍ മാനവവിഭവശേഷി മന്ത്രാലയം തൊഴില്‍ നല്‍കിയിരിക്കുന്നത്.

മസ്‌കറ്റ്: 25000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനായി ഒമാന്‍ മന്ത്രിസഭാ കൗണ്‍സില്‍ പ്രഖ്യാപിച്ച തൊഴില്‍ പദ്ധതി ലക്ഷ്യത്തിലെത്തുന്നു. പദ്ധതിയിലൂടെ ഇതിനകം 97% പേര്‍ക്ക് തൊഴില്‍ നല്‍കാനായതായി ഒമാന്‍ മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. വിദേശികള്‍ക്ക് നടപ്പിലാക്കിയിരിക്കുന്ന തൊഴില്‍വിസ വിലക്കിനെപറ്റി അവലോകനം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

2017 ഡിസംബര്‍ 3 മുതല്‍ ഏപ്രില്‍ 16 വരെ 16,293 യുവാക്കള്‍ക്കും 7879 യുവതികള്‍ക്കുമായി 24 ,172 സ്വദേശികള്‍ക്കാണ് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒമാന്‍ മാനവവിഭവശേഷി മന്ത്രാലയം തൊഴില്‍ നല്‍കിയിരിക്കുന്നത്.സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 87 തസ്തികകളില്‍ വിദേശികള്‍ക്ക് ആറു മാസത്തേക്കുള്ള വിസ വിലക്ക് ജനുവരി 25 മുതല്‍ നടപ്പിലാക്കിയിരുന്നു.വിസ വിലക്കിനെക്കുറിച്ചുള്ള അവലോകനം ജൂലൈ മാസത്തില്‍ നടത്തുമെന്ന് മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട് .

87 തസ്തികകളിലേക്ക് ഏര്‍പെടുത്തിയിട്ടുള്ള നിയന്ത്രണം വിദേശ തൊഴില്‍ ശക്തിയുടെ അവസരങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.നിശ്ചിത ലക്ഷ്യം പിന്നിട്ടുസമയ പരിധി കഴിഞ്ഞാലും തൊഴില്‍ ആവശ്യമായിവരുന്ന എല്ലാ സ്വദേശികള്‍ക്കും സര്‍ക്കാര്‍ തൊഴില്‍ കണ്ടെത്തും .സ്വകാര്യ മേഖലയില്‍ 'ആറു മാസത്തിനകം25 ,000 തൊഴില്‍ അവസരങ്ങള്‍' എന്ന മന്ത്രിസഭാ കൗണ്‍സിലിന്റെ തീരുമാന പ്രകാരമുള്ള നടപടികള്‍ക്ക് 2017 ഡിസംബര്‍ മൂന്നിനാണ് മാനവ വിഭവ ശേഷി മന്ത്രാലയം തുടക്കമിട്ടത്.