മസ്കറ്റ്: ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്കായി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഇസ്ലാമിക സഖ്യസേനയില്‍ പങ്കു ചേരുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം.സൗദിഅറേബ്യ നയിക്കുന്ന സഖ്യത്തില്‍നിന്ന് ഒമാന്‍ ഇതുവരെയും വിട്ടുനില്‍ക്കുകയായിരുന്നു. മേഖലയില്‍ സുരക്ഷയും സമാധാനവും ഭദ്രതയും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത പരിഗണിച്ചാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ 40 അംഗരാജ്യങ്ങള്‍ പങ്കുചേര്‍ന്നുള്ള സഖ്യസേനയില്‍ചേരുന്നതെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സഹോദര രാഷ്‌ട്രങ്ങളും സുഹൃദ് രാഷ്‌ട്രങ്ങളുമായി ചേര്‍ന്ന് മേഖലയില്‍സമാധാനം ഉറപ്പാക്കാന്‍എല്ലാ പരിശ്രമങ്ങളും നടത്തും. ഒമാന്‍ പ്രതിരോധ മന്ത്രി ബദര്‍ സൗദ് ബുസൈദിയാണ് സഖ്യസേനയില്‍ ചേരാനുള്ള സന്നദ്ധത സൗദി രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍സല്‍മാനെ അറിയിച്ചത്. ഒരു വര്‍ഷം മുമ്പ് സൗദിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഇസ്ലാമിക സഖ്യസേനയില്‍ ഒമാന്‍ അന്ന് ചേര്‍ന്നിരുന്നില്ല.

മേഖലയിലെ സുരക്ഷയുടെയും, അയല്‍രാജ്യങ്ങളില്‍ ഇറാന്‍ നടത്തുന്ന ഇടപെടലിന്റെയും പശ്ചാത്തലത്തിലാണ് ഒമാന്‍ ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത്. ഈ വര്‍ഷം ആദ്യ മാസങ്ങളില്‍ യമനില്‍ വിമതര്‍ക്കെതിരെ ഇടപെട്ടത് സൗദി  അറേബിയയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക് സൈനിക കൂട്ടായ്മയായിരുന്നു. അന്ന് യെമനിലെ വിമതരെ നിയന്ത്രിക്കുവാനും സഖ്യത്തിന് സാധിച്ചിരുന്നു.