ഒമാനിലെ സ്വകാര്യ മേഖലയുടെ വികസനത്തിനും, തൊഴില്‍വിപണിയിലെ വെല്ലുവിളികള്‍ നേരിടുന്നതിനും സാമ്പത്തിക സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന് ഒമാന്‍ സ്‌റ്റേറ്റ് കൗണ്‍സിലിന്റെ അംഗീകാരം. രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴില്‍ വിപണിയില്‍ കൂടുതല്‍ പരിഷ്‌കരണങ്ങള്‍ അനിവാര്യമാനാണെന്നുള്ള റിപ്പോര്‍ട്ടാണ് സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. യാഹ്യ മഫൗദ് മന്ദരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.

ഒമാന്റെ ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ കരട് പരിശോധിച്ചും, എട്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രകടനം വിലയിരുത്തിയും ലോക ബാങ്കിന്റെ പ്ലാനിംഗ് റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയുമാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

രാജ്യത്തെ സാങ്കേതിക വിഭാഗത്തിന്റെ കൂടി സഹകരണത്തില്‍ നടത്തിയ പഠനം സ്വകാര്യ മേഖലയിലെ, തൊഴില്‍രംഗം ക്രമപ്പെടുത്താന്‍ പ്രയോജനപ്പെടും. മൂലധന നിക്ഷേപം, തൊഴില്‍വിപണി, സാങ്കേതിക പുരോഗതി എന്നി മൂന്ന് പ്രധാന വെല്ലുവിളികളാണു രാജ്യത്തെ സ്വകാര്യ മേഖല ഇപ്പോള്‍ നേരിടുന്നത്.

സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ എല്ലാ ലക്ഷ്യങ്ങളും നേടുന്നതിന് സാമ്പത്തിക സ്രോതസ് ഒരു അത്യാവശ്യ ഘടകമാണ്. നിക്ഷേപകരെ ആകര്‍ഷിക്കുക എന്നത് പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണെന്നും റിപ്പോര്‍ട്ടില്‍പറയുന്നു. ഒമ്പതാമത് പഞ്ചവത്സര പദ്ധതിയില്‍ സ്വകാര്യ മേഖലയുടെ നിക്ഷേപ വിഹിതം 52 ശതമാനമാണ്.
നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്നതിന് നിക്ഷേപ നയങ്ങളില്‍ ലളിതമായ പാക്കേജുകള്‍ നടപ്പാക്കും. രാജ്യത്തു കൂടുതല്‍ തൊഴില്‍സാധ്യതള്‍ സൃഷ്ടിക്കല്‍ ഇന്ന് ഒരു അനിവാര്യ ഘടകമാണ്. സ്വകാര്യ മേഖലയുടെ വികസനത്തിന് തൊഴില്‍ വിപണിയിലും കാതലായ മാറ്റങ്ങള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.