ഒമാനില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് രംഗത്ത് പന്ത്രണ്ടര ശതമാനം വര്‍ദ്ധനയെന്ന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി. രാജ്യത്തു മുന്നിട്ടു നില്‍ക്കുന്ന മോട്ടോര്‍ ഇന്‍ഷുറന്‍സിനു തൊട്ടുപിന്നാലെയാണ് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഇപ്പോഴുള്ളത്. വിദേശികള്‍ക്കിടയില്‍ നടത്തിവരുന്ന ബോധവത്കരണമാണ് ആരോഗ്യ ഇന്‍ഷ്വറന്‍സ് വര്‍ധിക്കുവാനുള്ള കാരണം.
വ്യക്തിഗത ആരോഗ്യ ഇന്‍ഷ്വറന്‍സിലും ലൈഫ് ഇന്‍ഷ്വറന്‍സിലും വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയപ്പോള്‍, ഗ്രൂപ്പ് ഇന്‍ഷുറന്‍സില്‍ 20 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്. ജീവനക്കാരുടെ ഇടയില്‍ നടത്തിവരുന്ന ബോധവത്കരണം ഇന്‍ഷ്വറന്‍സ് വര്ധിക്കുവാന്‍ കാരണമായി. കൂടാതെ, ഒമാനില്‍ നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ്, ജീവനക്കാര്‍ക്കും അനുവദിക്കുന്നുമുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ആണ് ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ വരുന്ന വിദേശികളുടെ എണ്ണം വര്‍ധിച്ചത്. ജോലിക്കിടയില്‍ ഉണ്ടാകുന്ന മരണം, പരുക്ക്, രോഗം എന്നിവയ്‍ക്ക് വിദേശികള്‍ക്ക് നഷ്‌ടപരിഹാരം ലഭിക്കുന്നതിന് ഇന്‍ഷ്വറന്‍സ് സഹായം ആകുന്നുണ്ട്. അതേസമയം, വിദേശികളെ സാമൂഹിക ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച ഉള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ പുരോഗമിച്ചു വരുന്നു.
നിലവില്‍ സാമൂഹിക ഇന്‍ഷുറന്‍സ് നിയമത്തിന് കീഴില്‍ ഒമാനിലെ സ്വദേശികള്‍ക്ക് മാത്രമാണ് സഹായം ലഭിക്കുന്നത്. തൊഴില്‍ കരാര്‍ റദ്ദാക്കപ്പെടുമ്പോഴുള്ള ആനുകൂല്യം മാത്രമാണ് നിലവില്‍ വിദേശതൊഴിലാളിക്ക് ലഭിച്ചു വരുന്നതും.
