ദില്ലി: പാകിസ്ഥാന്‍ വധശിക്ഷ വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെതിരെയുള്ള കുറ്റപത്രം വേണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ശിക്ഷ റദ്ദാക്കാന്‍ കഴിയില്ലെന്ന് പാകിസ്ഥാന്‍ അറിയിച്ചു. എന്നാല്‍ ജാദവ് ചാരനാണെങ്കില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എങ്ങനെയുണ്ടാകുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിംഗ് ചോദിച്ചു.
ചാരനാണെന്ന പേരില്‍ മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന് വധശിക്ഷവിധിച്ച പാകിസ്ഥാന്‍ സൈനികകോടതിയുടെ നടപടിക്കെതിരെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബംബവാലെ പാകിസ്ഥാന്‍ വിദേശകാര്യസെക്രട്ടറി തെഹമീന ജാന്‍ജുവയെ കണ്ടു. കുല്‍ഭൂഷണ്‍ ജാദവിനെതിരെയുള്ള കുറ്റപത്രം വേണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടു. ഇത് പതിനാലാമത്തെ പ്രാവശ്യമാണ് ഇന്ത്യ കുറ്റപത്രം ആവശ്യപ്പെടുന്നത്.
വിധിക്കെതിരെ അപ്പീല്‍ നല്‍കാനും ഇന്ത്യ ചര്‍ച്ച തുടങ്ങി.എന്നാല്‍ രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്ത ഒരാള്‍ക്ക് അഭിഭാഷകന്റെ സേവനം നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പാകിസ്ഥാന്‍. കുല്‍ഭൂഷണ്‍ യാദവിന്റെ ശിക്ഷ റദ്ദാക്കാന്‍ കഴിയില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസ് അറിയിച്ചു.
നാല്‍പ്പത് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. രണ്ട് പാസ്‌പോര്‍ട്ടുകള്‍ കൈവശമുണ്ടായിരുന്ന ജാദവ് ഇന്ത്യയുടെ ചാരനാണെന്നും അസീസ് ആരോപിച്ചു. എന്നാല്‍ ജാദവ് ചാരനാണെന്ന വാദം ഇന്ത്യ വീണ്ടും തള്ളി
