തിരുവനന്തപുരം: പുല്ലുവിള തീരദേശത്ത് ഛര്‍ദ്ദിയും വയറിളക്കവും പടരുന്നു. നിരവധി പേര്‍ ഇന്നലെ പകലും രാത്രിയുമായി പുല്ലുവിള സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. രണ്ട് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വാട്ടര്‍ അഥോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളമാണ് അസുഖത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അഡി. ഡിഎംഒയും സംഘവും ഇന്നലെ പുല്ലുവിള ആശുപത്രിയിലെത്തി.

പുതിയതുറ, പള്ളം, പുല്ലുവിള എന്നിവിടങ്ങളില്‍ നിന്നായി മുപ്പതോളം പേരാണ് ഇന്നലെ ചികില്‍സ തേടിയെത്തിയത്. ഇതില്‍ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് അടിയന്തര ചികിത്സ നല്‍കി, നിരീക്ഷിക്കുന്നതായി അഡി. ഡിഎംഒ ഡോ. നീനാ റാണി അറിയിച്ചു. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് വേണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമെന്നും ഫലം വന്ന ശേഷമേ, രോഗം പടര്‍ന്ന് പിടിച്ചതിന്റെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ പറയാനാകൂവെന്നും അധികൃതര്‍ പറഞ്ഞു.