തിരുവനന്തപുരം: ഓണക്കാലത്ത് പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ പ്രത്യേക ഓണ വിപണിയുടെ എണ്ണം ഇരട്ടിയാക്കി സര്‍ക്കാര്‍. ഹോര്‍ട്ടികോര്‍പ്പ് കൂടാതെ സംസ്ഥാനത്ത് ഇത്തവണ 4315 ഓണച്ചന്തകള്‍ തുടങ്ങാന്‍ കൃഷി വകുപ്പ് പദ്ധതി തയ്യാറാക്കി. പരമാവധി പ്രാദേശിക സംഭരണം ഉറപ്പാക്കുന്നതിനോടൊപ്പം പൊതു വിപണിയേക്കാള്‍ 30 ശതമാനം കുറവില്‍ പച്ചക്കറി ലഭ്യമാക്കുകയുമാണ് ലക്ഷ്യം.
കൊടുംവേനലിന് പിന്നാലെ കാലവര്‍ഷം കൂടി ചതിച്ചതോടെ പച്ചക്കറി ഉദ്പാദനത്തില്‍ ഗണ്യമായ കുറവുണ്ട്. കേരളത്തില്‍ മാത്രമല്ല കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും ഇതു തന്നെ അവസ്ഥ. അത്‌കൊണ്ടു തന്നെ ഓണക്കാല വിപണിയില്‍ വന്‍ വിലക്കയറ്റത്തിനിടയുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കഴിഞ്ഞ തവണ 1,350 ഔട്‌ലറ്റുകള്‍ ഉണ്ടായിരുന്ന ഹോര്‍ട്ടികോര്‍പ്പിന് ഇത്തവണ 1,500 വിപണന കേന്ദ്രങ്ങള്‍ ഉണ്ടാകും. സഹകരണ വകുപ്പുമായും സപ്ലെയ്‌കോ, കുടുംബശ്രീ തുടങ്ങിയ സംഘടനകളുമായും സഹകരിച്ച് ആകെ തുടങ്ങുന്നത് 4,310 ഓണവിപണി
പരമാവധി പ്രാദേശിക സംഭരണം ഉറപ്പാക്കും. വട്ടവട കാന്തള്ളൂര്‍ മേഖലില്‍ നിന്നടക്കം 6500 ടണ്‍ പച്ചക്കറി ഓണക്കാലത്ത് പ്രാദേശികമായി സംഭരിക്കാമെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. ആവശ്യമുള്ള 57 ഇനങ്ങളില്‍ 20 ല്‍താഴെ പച്ചക്കറി മാത്രമെ കേരളത്തില്‍ പൂര്‍ണ്ണമായും ഉദ്പാദിപ്പിക്കുന്നുള്ളൂ. ബാക്കി സംസ്ഥാമത്തിന് പുറത്തെ കര്‍ഷക കൂട്ടായ്മകളില്‍ നിന്നോ ഉദ്പാദന കേന്ദ്രത്തില്‍ നിന്ന് നേരിട്ടോ വാങ്ങാനാണ് നിര്‍ദ്ദേശം.
