തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് വര്‍ണാഭമായ സമാപനം. വര്‍ണ വിസ്മയങ്ങളും താളമേളങ്ങളും അണിനിരന്ന സാംസ്‌കാരിക ഘോഷയാത്രയോടെയായിരുന്നു ഒരാഴ്ചനീണ്ട ഓണാഘോഷങ്ങള്‍ക്ക് തിരശ്ശീല വീണത്. ഉച്ചയോടെ നഗരവീഥികള്‍ കയ്യടക്കി ജനക്കൂട്ടമൊഴുകിയെത്തി. അഞ്ചരയോടെ ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആദ്യം അശ്വാരൂഢസേന. പിന്നില്‍ കേരളീയ വേഷം ധരിച്ച 100പുരുഷന്മാര്‍. പിന്നാലെ നൃത്തസംഘങ്ങള്‍. കഥകളി, തെയ്യം, പുലിക്കളി, വേലകളി അങ്ങനെ നീണ്ടു നാടന്‍ കലാരൂപങ്ങള്‍. പതിവ് തെറ്റാതെ കരകാട്ടവും കാവടിയും പൊക്കാല്‍നൃത്തവും സംഘങ്ങളും ആവേശമുയര്‍ത്തി. ആഫ്രിക്കന്‍ നൃത്ത സംഘവും, ഒഡീസിയും പുതുമയായി. വാദ്യ വിസ്മയം തീര്‍ത്ത് പഞ്ചവാദ്യം മുതല്‍ പെരുമ്പറയും ബാന്‍ഡ് മേളവും വരെ. ആശയ സമ്പന്മായ നിശ്ചലദൃശ്യങ്ങള്‍. തെരുവ്‌ നായ ശല്യവും മാലിന്യ പ്രശ്‌നവും ലഹരി മുക്ത കേരളം, സമകാലിക വിഷയങ്ങളുടെയെല്ലാം നിശ്ചലദൃശ്യാവിഷ്‌കാരങ്ങള്‍, മികച്ച നിലവാരം പൂലര്‍ത്തി. ഓണം വാരാഘോഷ സമാപന ചടങ്ങിന് മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തിയത് സകുടുംബം. വെള്ളയമ്പലത്തുതുടങ്ങിയ ഘോഷയാത്ര സമാപിച്ചത് അട്ടക്കുളങ്ങരയില്‍ ആണ്. ഓണം വാരാഘോഷത്തിന് കൊട്ടിക്കലാശവുമായി നടി മഞ്ജു വാര്യരുടെ കുച്ചിപ്പുഡിയും കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി.

ചിത്രത്തിന് കടപ്പാട്- സ്റ്റാന്‍ലി, ഐ ആന്‍ഡ് പി ആര്‍ ഡി