കൊച്ചിയില്‍ അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ദിനേഷ് ടോപ്പോയെ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് അറസ്റ്റുചെയ്തത്.

അ‍ഞ്ചു വയസുകാരനായ ബാലനെ സ്വകാര്യ ബസില്‍ നിന്നാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഫോര്‍ട്ടുകൊച്ചി സ്വദേശികളായ ദമ്പതികള്‍ കുട്ടിയുമായി ഇടപ്പള്ളിയില്‍ നിന്നാണ് ബസില്‍ കയറിയത്. ബസില്‍ തിരക്കായതിനാല്‍ കുട്ടിയെ മറ്റ് യാത്രക്കാര്‍ക്കൊപ്പം സീറ്റില്‍ ഇരുത്തി. എന്നാല്‍ ഇടയ്‌ക്ക് ഒരാള്‍ ഇറങ്ങിയപ്പോള്‍ ദിനേശ് കുട്ടിക്കൊപ്പം സീറ്റിലിരുന്നു. ബസ് മറൈന്‍ ഡ്രൈവിലെത്തിയപ്പോള്‍ കുട്ടിയുമായി ഇറങ്ങിപ്പോവുകയായിരുന്നു. തിരക്കിനിടെ മാതാപിതാക്കളുടെ ശ്രദ്ധ തെറ്റിയ സമയത്താണ് ഇയാള്‍ കുട്ടിയുമായി കടന്നത്. എന്നാല്‍ മേനകയില്‍ വെച്ച് സംശയം തോന്നിയ ചില വഴിയാത്രക്കാരാണ് ഇയാളെ തടഞ്ഞുവെച്ചത്. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ കുട്ടി ഇയാളുടേതല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസ് എത്തി കസ്റ്റിഡിയിലെടുത്തു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന റാക്കറ്റിന്റെ ഭാഗമാണോ ഇയാളെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി കോടതിയില്‍ ഹാജരാക്കിയശേഷം വീണ്ടും കസ്റ്റിഡിയില്‍ വാങ്ങും.