പത്തനംതിട്ട: പന്തളത്ത് ശബരിമല കർമ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിനു നേരെ സി പി.എം ഓഫീസിന് മുകളിൽ നിന്നുണ്ടായ കല്ലേറിൽ  പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു. കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ ആണ് മരിച്ചത്. പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറടക്കം 10 പേർ ചികിത്സയിലാണ്. കല്ലേറില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. 

ശബരിമല  കർമ്മസമിതി പന്തളത്ത്  നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ സി പി എം ഏരിയാ കമ്മിറ്റി ഓഫീസിനു മുകളിൽ നിന്നുണ്ടായ കല്ലേറിലാണ് ചന്ദ്രൻ ഉണ്ണിത്താന് പരിക്കേറ്റത്. തലയിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം  കൂടിയതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു. 

കല്ലേറിൽ പരിക്കേറ്റ 10 പേരിൽ സിവിൽ പൊലീസ് ഓഫീസറടക്കം 3 പേരുടെ നില ഗുരുതരമാണ്. പന്തളം മണികണ്ഠൻ ആൽത്തറയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കെഎസ്ആആർടിസി സ്റ്റാൻഡു ചുറ്റി പന്തളം കവലയിലേക്കു വരുമ്പോഴാണ് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്ന്   കോൺക്രീറ്റ് കട്ടകളും കല്ലുകളും  വലിച്ചെറിഞ്ഞെത്. സി പി.എം പ്രവർത്തകരാണ് അക്രമത്തിന് പിന്നില്ലെന്ന് ശബരിമല കർമ്മ സമിതി ആരോപിച്ചു.

കല്ലേറിൽ ഒരു കെഎസ്ആർടിസി ബസ്സ് ചില്ലുകളും തകർന്നു. ചന്ദ്രൻ ഉണ്ണിത്താന്റെ മൃതശരീരം തിരുവല്ലയിലെ  സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബേക്കറി തൊഴിലാളിയാണ് ചന്ദ്രൻ ഉണ്ണിത്താൻ. ഭാര്യ വിജയമ്മ. ഒരു മകളുണ്ട്. ബിജെപി സംസ്ഥാന നേതാക്കൾ എത്തിയ ശേഷമായിരിക്കും  അന്ത്യോപചാര ചടങ്ങുകൾ നടക്കുക.ബി ജെ.പി- സി പി എം സംഘർഷത്തിന്റെ പശ്ചാതലത്തിൽ ജില്ലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.