വയനാട്: മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ റോഡരികില്‍ നിന്നവരുടെ മേല്‍ പാഞ്ഞ് കയറി ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. കര്‍ണാടക സ്വദേശി നാഗേന്ദ്ര (32) ആണ് സംഭവ സ്ഥലത്ത് മരിച്ചത്. കൂടെയുണ്ടായിരുന്ന നഗരാജു (32) വിനാണ് പരിക്കേറ്റത്. ഇയാളെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം ബന്ധുക്കളെത്തി നാട്ടിലേക്ക് കൊണ്ടുപോയി. നാഗേന്ദ്രയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാഗേന്ദ്ര ലോറി ഡ്രൈവറും നാഗരാജു ക്ലീനറുമാണ്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ കമ്പളക്കാട് ടൗണിലെ ചിത്രമൂലയിലായിരുന്നു അപകടം. ലോഡുമായി കമ്പളക്കാട്ടെത്തിയ ഇരുവരും വഴി ചോദിക്കുന്നതിനായി റോഡരികില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം. അമിത വേഗതയിലും അലക്ഷ്യമായും വന്ന കാര്‍ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാര്‍ഡ്രൈവര്‍ കമ്പളക്കാട് മന്ദംകണ്ടി മുനീറി (38)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നരഹത്യ അടക്കമുള്ള വകുപ്പുകളില്‍ കേസെടുത്തതായി കമ്പളക്കാട് പോലീസ് അറിയിച്ചു.