ഭക്ഷണ സാധനങ്ങള്‍ക്ക് തോന്നിയ വിലയിട്ട് മൂന്നാറിലെ ചില ഹോട്ടല്‍ ഉടമകള്‍ വിനോദ സഞ്ചാരികളെ കൊള്ളയടിക്കുന്നത്.

ഇടുക്കി: ഒരു കാപ്പിക്ക് 30 രൂപയോ ! ആശ്ചര്യപെടേണ്ട ഇത് നക്ഷത്ര ഹോട്ടലിലെ വിലയല്ല, മൂന്നാര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ശരവണഭവന്‍ ഹോട്ടലിലെ കാപ്പിയുടെ വിലയാണ്. ഇത്തരത്തിലാണ് ഭക്ഷണ സാധനങ്ങള്‍ക്ക് തോന്നിയ വിലയിട്ട് മൂന്നാറിലെ ചില ഹോട്ടല്‍ ഉടമകള്‍ വിനോദ സഞ്ചാരികളെ കൊള്ളയടിക്കുന്നത്.

ഒരു നിയന്ത്രണവുമില്ലാതെയാണ് ഹോട്ടലുകള്‍ നീലക്കുറിഞ്ഞിയുടെ സീസണ്‍ ആരംഭിച്ചതോടെ വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഒരു ചായക്ക് 8 രൂപ മുതല്‍ 25 രൂപ വരെ, പൊറോട്ട 10 മുതല്‍ 30 രൂപ വരെ, ഊണ് 50 മുതല്‍ 120 രൂപ വരെ, ബിരിയാണി 140 മുതല്‍ 250 രൂപ വരെ, ബീഫ് ഫ്രൈ 80 മുതല്‍ 150 രൂപ വരെ ഇങ്ങനെ പോകുന്നു മൂന്നാറിലെ ഹോട്ടലുകളുടെ കഴുത്തറപ്പന്‍ വിലവിവര പട്ടിക. കാപ്പിക്ക് വില 25. ഒരു രൂപ ജിഎസ്ടി. ചില്ലറയില്ലാത്തതിനാല്‍ 4 രൂപ ബാക്കി പിന്നീട്. ആകെ 30 രൂപ.

വില നിശ്ചയിക്കുന്നതിന് ഒരു മാര്‍ഗ്ഗരേഖയും ഹോട്ടലുകള്‍ക്കില്ല. വിനോദ സഞ്ചാരികള്‍ കൂടുതല്‍ എത്തുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലാണെങ്കില്‍ വില കൂടുതലായിരിക്കും. പല ഹോട്ടലുകള്‍ക്കു രണ്ട് തരത്തിലുള്ള വിലയാണ്. തദ്ദേശീയര്‍ക്ക് ഒരു വിലയും വിനോദ സഞ്ചാരികള്‍ക്ക് ഒരു വിലയും. തദ്ദേശീയര്‍ക്ക് ഊണ് 40 രൂപയ്ക്ക് ലഭിക്കുമെങ്കില്‍ വിനോദ സഞ്ചാരി ഇതേ ഊണിന് 60 രൂപ നല്‍കണം.

ഹോട്ടലുകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ഉണ്ടായിട്ടും മിക്ക ഹോട്ടലുകളും ഇത് പാലിച്ചിട്ടില്ല, ഉണ്ടെങ്കില്‍ തന്നെ പലതിലും വ്യക്തതയുണ്ടാകില്ല. പല വിഭവങ്ങളുടെയും വില 'ആസ് പെര്‍ സൈസ് ' എന്ന് രേഖയപ്പെടുത്തിയിട്ടുണ്ടാകും. ഹോട്ടലുകളില്‍ വില്‍ക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് നിശ്ചിത വലിപ്പവും തൂക്കവും ഉണ്ടായിരിക്കണം, ഇതനുസരിച്ചാണ് വില നിശ്ചയിക്കേണ്ടതെന്ന് ലീഗല്‍ മെട്രോളജി വകുപ്പിന്റെ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ ഈ നിയമത്തിന് ഹോട്ടലുടമകള്‍ ഒരു വിലയും കല്പിക്കാറില്ല. 

നിയമം കര്‍ശനമായി നടപ്പാക്കി മൂന്നാറില്‍ ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില ഏകീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല. ഇതോടെ കഷ്ടത്തിലാകുന്നത് ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളാണ്. എന്നാല്‍ മൂന്നാറിലെ കെട്ടിടത്തിന്റെ വാടക ഉള്‍പ്പടെയുള്ള അധിക ചിലവും മറ്റ് പ്രത്യേക സാഹചര്യങ്ങളുമാണ് വില വര്‍ധിപ്പിക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് ഹോട്ടലുടമകളുടെ വാദം