മുംബൈ: ദളിത്-മറാത്ത വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് മഹാരാഷ്ട്രയിൽ വലിയ സംഘര്‍ഷം. റോഡ്, റെയിൽ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ബ്രിട്ടീഷ് യുദ്ധവിജയം ആഘോഷിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ദളിത്-മറാത്ത ഏറ്റുമുട്ടലിന് കാരണമായത്. നാളെ മഹാരാഷ്ട്രയിൽ ദളിത് സംഘടനകൾ ബന്ത് പ്രഖ്യാപിച്ചു. ഇതിനിടെ ദളിത് സമരത്തെ അനുകൂലിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന വിവാദമായി.

1818 ജനുവരി 1ന് ദളിത് വിഭാഗക്കാരുടെ പട്ടാള യൂണിറ്റുകൾ ഉൾപ്പെട്ട ബ്രീട്ടീഷ് സേന മറാത്ത വിഭാഗക്കാരെ യുദ്ധത്തിൽ പരാജയപ്പെടുത്തിയിരുന്നു. ബീമ കോറേഗാവ് എന്നറിയപ്പെടുന്ന ആ യുദ്ധത്തിന്‍റെ 200 വാര്‍ഷികം അഞ്ച് ലക്ഷത്തോളം പേരെ അണിനിരത്തി ഇന്നലെ ദളിത് സംഘടനകൾ ആഘോഷിച്ചു. ഇതിനിടെ ദളിത് വിഭാഗക്കാരുടെ ക്ഷേത്രം ആരോ തകര‍്ത്തതായുള്ള പ്രചരണമാണ് ദളിത്-മറാത്ത സംഘര്‍ഷമായി മാറിയത്. ഇരുവിഭാഗങ്ങൾ തമ്മിലുള്ള തര്‍ക്കങ്ങൾക്കിടെ ഒരു ദളിത് യുവാവ് മരിക്കുകകൂടി ചെയ്തതോടെ സംഘര്‍ഷം സംസ്ഥാനത്താകെ ആളിപ്പടര്‍ന്നു. 

കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. 134 സര്‍ക്കാര്‍ ബസ്സുകൾ തകര്‍ത്തു. മഹാരാഷ്ട്രയിലാകെ റോഡ്, റെയിൽ ഗതാഗതം സ്തംഭിച്ചു. ഹാര്‍ബര്‍ ലൈൻ ട്രെയിൻ സര്‍വ്വീസുകളും തടസ്സപ്പെട്ടു. ദാദര്‍, താനെ, ചേമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിളാണ് വലിയ അക്രമങ്ങൾ ഉണ്ടായത്. പൊലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും സ്ഥിതിഗതികൾ നിയന്ത്രിച്ചുവരികയാണ്. അക്രമികളെ നേരിടാൻ പൊലീസ് ഗ്രനേഡും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് മുംബായ് നഗരം സ്തംഭിച്ച അവസ്ഥയിലാണ്. നാളെ മഹാരാഷ്ട്രയിൽ ദളിത് സംഘടനകൾ ബന്ത് പ്രഖ്യാപിക്കുക കൂടി ചെയ്തിട്ടുണ്ട്. സംഘര്‍ഷം നേരിടാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു എന്ന റിപ്പോര്‍ട്ടുകൾ ആദ്യം വന്നെങ്കിലും പിന്നീട് പൊലീസ് അത് തിരുത്തി. 

അത്രക്ക് ഗുരുതരമായ സാഹചര്യം ഇല്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു. ഊഹാപോഹങ്ങൾക്ക് പുറകെ പോകരുതെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു. അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ഭരണപ്രതിപക്ഷ പാര്‍ടികൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. സംഘര്‍ഷത്തെ കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാര‍് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. ദളിത് യുവാവിന്‍റെ മരണത്തിൽ സിഐഡി അന്വേഷണവും പ്രഖ്യാപിച്ചു. യുവാവിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപയുടെ അടിയന്തിര ധനസഹായം നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് പറഞ്ഞു. മഹാരാഷ്ട്രയിലെ ദളിത് പ്രക്ഷോഭം ചെറുത്തുനില്പിന്‍റെ പ്രതികമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. അക്രമം ആളികത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.