ഗൗരി ലങ്കേഷിന്റെ കൊലപാതകം ഒരാൾ കൂടി അറസ്റ്റിൽ പിടിയിലായത് ഹിന്ദുജാഗരൺ സമിതി പ്രവർത്തകൻ ഗൂഢാലോചനയിൽ പങ്കെന്ന് പൊലീസ് 

ബംഗളൂരു: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഒരാൾ കൂടി അറസ്റ്റിൽ. കർണാടകത്തിലെ വിജയപുര സ്വദേശിയും ഹിന്ദു ജനജാഗരൺ സമിതി പ്രവർത്തകനുമായ പരശുറാം വാഗ്മോർ എന്നയാളാണ് മഹാരാഷ്ട്രില്‍ നിന്ന് പിടിയിലായത്. ഹിന്ദു ജനജാഗരൺ സമിതി പ്രവർത്തകനായ ഇയാൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.

ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിൽ ഇത് നാലാമത്തെ അറസ്റ്റാണ്. ഹിന്ദു ജനജാഗരൺ സമിതി പ്രവർത്തകൻ നവീൻ കുമാർ,അനുയായികളായ പ്രവീൺ, അമിത് ദേഗ്വാക്കർ എന്നിവർക്ക് ശേഷം പരശുറാം വാഗ്മോർ. ഗൗരിക്ക് നേരെ വെടിയുതിർത്ത ആളാണോ ഇപ്പോൾ പിടിയിലായ പരശുറാമെന്ന് അന്വേഷണസംഘം പറയുന്നില്ല. എന്നാൽ കൊലപാതക ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നു. നാല് മാസം മുമ്പ് പിടിയിലായ കെ ടി നവീൻ കുമാറുമായി അടുത്ത ബന്ധമുളളയാളാണ് പരശുറാം. നവീനെ ചോദ്യം ചെയ്തത് വഴിയാണ് അന്വേഷണം ഇയാളിലേക്ക് നീണ്ടത്. ഇരുവരും ഒന്നിച്ച് രണ്ട് മാസത്തോളം വെടിയുതിർക്കാൻ പരിശീലനം നടത്തിയിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

ഗൗരിയുടെ ബെംഗളൂരുവിലെ വീടിനടുത്ത് ഒരു വർഷത്തോളം പരശുറാം കച്ചവടം ചെയ്തിരുന്നു. കൊല നടത്തുന്നതിന് രണ്ട് മാസം മുമ്പ് വിജയപുരയിലേക്ക് മടങ്ങി.മനോഹർ എഡാവെ എന്നയാളും സംഘത്തിലുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം പറയുന്നു.ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കും. വിജയപുരയിൽ നിന്ന് ഇന്നലെ പിടിയിലായ പരശുറാമിനെ പതിനാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഗൂഢാലോചനയിൽ ഇയാളുടെ പങ്ക് എന്തെന്ന് വൈകാതെ വെളിപ്പെടുത്തുമെന്നാണ് അന്വേഷണസഘം വ്യക്തമാക്കുന്നത്.ഹിന്ദു ജനജാഗരൺ സമിതിയിൽചേരുന്നതിന് മുമ്പ് ശ്രീരാമസേന പ്രവർത്തകനായിരുന്നു പരശുറാം. കലബുറഗിയെയും വധിക്കാനുപയോഗിച്ചതിന് സമാനമായ തോക്കാണ് ഗൗരി കേസിലേതുമെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു. പരശുറാമിന്‍റെ അറസ്റ്റോടെ കൽബുർഗി കേസിലും വഴിത്തിരിവുണ്ടാകുമെന്ന് കർണാടക പൊലീസിന് പ്രതീക്ഷയുണ്ട്. 2017 സെപ്തംബർ അഞ്ചിനാണ് ബെംഗളൂരു രാജരാജേശ്വരി നഗറിലെ വീട്ടിന് മുന്നിൽ വച്ച് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.