കൊച്ചി: കൊച്ചിന്‍ റിഫൈനറിയിലെ വൈദ്യുതപ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു. ഇതോടെ അപകടത്തിലുണ്ടായ മരണം രണ്ടായി. സാരമായി പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മുളന്തുരുത്തി സ്വദേശി വേലായുധനാണ് ഇന്ന് മരിച്ചത്. വേലായുധനൊപ്പം പൊള്ളലേറ്റ പുത്തന്‍കുരിശ് സ്വദേശി അരുണ്‍ ഭാസ്‌കരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
പൊട്ടിത്തെറിയെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. ബിപിസിഎല്‍ എണ്ണ ശുദ്ധീകരണ ശാലയിലെ വൈദ്യുത പ്ലാന്റില്‍ ചൊവ്വാഴ്ചയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ പ്ലാന്റില്‍ അറ്റകുറ്റപണി നടത്തുകയായിരുന്ന രണ്ട് കരാര്‍ തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്ലാന്റിലെ വൈദ്യുതി പ്ലാന്റിലെ ടര്‍ബൈനോട് ചേര്‍ന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ തന്നെ വലിയ തോതില്‍ തീപടര്‍ന്നു. അഗ്‌നിശമന സേന എത്തിയാണ് തീ അണച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച പുത്തന്‍കുരിശ് വില്ലേജ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്കും തഹസില്‍ദാര്‍ക്കും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി. അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തീ അനിയന്ത്രിതമായി ഉയര്‍ന്നത് പൊട്ടിത്തെറിക്ക് കാരണമായെന്നാണ് സൂചന. അപകടത്തേക്കുറിച്ചുള്ള ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ റിപ്പോര്‍ട്ടും ഉടന്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും.
