ഒമാനിലെ ഹഫിത്തില്‍ പുതിയ ഇന്ത്യന്‍ കമ്യുണിറ്റി സ്കൂള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. വിദ്യഭ്യാസ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ ഈ മാസം അവസാനം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡിന്റെ കീഴിലെ 20ാമത്തെ സ്കൂളാണ് ഹഫിത്തില്‍ തുറക്കുന്നത്. 

ഒമാനിലെ ബാത്തിന മേഖലയിലെ സഹം മുതല്‍ അല്‍ ഖദറ വരെയുള്ള പ്രദേശത്തിലെ വിദ്യാര്‍ത്ഥികള്‍ നിലവിവില്‍ സോഹാര്‍ ഇന്ത്യന്‍ സ്കൂളിലും, മുലദ്ധ ഇന്ത്യന്‍ സ്കൂളിലുമാണ് അധ്യയനം നടത്തി വരുന്നത്. ഹഫിത്തിലെ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്തതിനോടുകൂടി ഈ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ദൂരം യാത്ര ചെയ്ത് അധ്യയനം നടത്തുന്ന സാഹചര്യം ഇല്ലാതാകും. സ്വകാര്യ കെട്ടിടത്തില്‍ കിന്‍ഡര്‍ ഗാര്‍ഡന്‍ മുതല്‍ അഞ്ചാം ക്ലാസ് വരെയാകും ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുക.

ഒരു ക്ലാസില്‍ 30 കുട്ടികള്‍ എന്ന കണക്കില്‍ 200 കുട്ടികള്‍ക്കാണ് ഈ അധ്യയന വര്‍ഷം പ്രവേശനം നല്‍കുക. സ്കൂള്‍ കെട്ടിടത്തിന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയതിനു ശേഷം താത്കാലിക അനുമതി മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. അന്തിമ അനുമതിക്കായി ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോട് കൂടി പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇപ്പോള്‍ ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡിന്റെ കീഴില്‍ ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന 19 കമ്യുണിറ്റി സ്കൂളുകളിലായി 45,000 വിദ്യാര്‍ത്ഥികളാണ് അധ്യയനം നടത്തി വരുന്നത്.