താൻ ചെയ്ത ​ഗുരുതരമായ ഒൗദ്യോ​ഗിക കൃത്യവിലോപത്തെ ഏറ്റുപറഞ്ഞുകൊണ്ടാണ് ഇയാൾ രം​ഗത്തെത്തിയിരിക്കുന്നത്. 'തനിക്ക് തെറ്റുപറ്റി, തന്നെ ശിക്ഷിക്കൂ' എന്നാണ് ഇയാളുടെ കുറ്റസമ്മതം.

രാജസ്ഥാൻ: രാജസ്ഥാനിലെ ആൾവാറിൽ‌ പശുവിനെ കടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന റക്ബറിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയ പൊലീസുകാരിലൊരാൾ തനിക്ക് തെറ്റ് പറ്റിയെന്ന് പറയുന്ന വീഡിയോ പുറത്ത്. താൻ ചെയ്ത ​ഗുരുതരമായ ഒൗദ്യോ​ഗിക കൃത്യവിലോപത്തെ ഏറ്റുപറഞ്ഞുകൊണ്ടാണ് ഇയാൾ രം​ഗത്തെത്തിയിരിക്കുന്നത്. 'തനിക്ക് തെറ്റുപറ്റി, തന്നെ ശിക്ഷിക്കൂ' എന്നാണ് ഇയാളുടെ കുറ്റസമ്മതം. ആൾക്കൂട്ട അക്രമണത്തിൽ ഇരയായ റക്ബറിനെ മൂന്ന് മണിക്കൂർ നേരം വൈകിയാണ് പൊലീസുകാർ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേയ്ക്കും ഇയാൾ മരിച്ചിരുന്നു. നാലു പൊലീസുകാരാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നത്. ഒരാളെ സസ്പെൻഡ് ചെയ്യുകയും രണ്ട് പേരെ നിലവിലെ പദവിയിൽ നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്. 

റക്ബർ ഖാനും സുഹൃത്ത് അസ്ലവും തങ്ങളുടെ പശുവുമായി രാത്രിയിൽ നടന്നുപോകുകയായിരുന്നു. പെട്ടെന്ന് പശുക്കടത്തുകാരെന്ന് ആരോപിച്ച് ആൾക്കൂട്ടം വളഞ്ഞ് വടിയും കല്ലും ഉപയോ​ഗിച്ച് തല്ലി അവശരാക്കുകയായിരുന്നു. ഒരു മണിയോടെ പൊലീസ് സംഭവസ്ഥലത്തെത്തി. എന്നാൽ നാല് മണിയോടെയാണ് റക്ബറിനെ ഇവർ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിയ ഉടനെ റക്ബർ മരിച്ചു. റക്ബറിന്റെ ദേഹത്ത് പറ്റിയ ചെളി കഴുകിക്കളഞ്ഞ്, പശുക്കളെ ​ഗോശാലയിലേക്ക് മാറ്റി, ചായയും കുടിച്ചതിന് ശേഷമാണ് ഇവർ റക്ബറിനെ ആശുപത്രിയിലെത്തിച്ചത്. ഹോസ്പിറ്റലിലെത്തുന്നതിന് പതിമൂന്ന് മിനിറ്റിന് മുമ്പ് ഇയാൾ മരിച്ചിരുന്നു. 

ആൾക്കൂട്ടം തല്ലിച്ചതയ്ക്കാത്ത ഒരിഞ്ചു സ്ഥലം പോലും റക്ബറിന്റെ ശരീരത്തിലുണ്ടായിരുന്നില്ല എന്ന അസ്ലം പറയുന്നു. കഴുത്ത് ഒടിഞ്ഞ നിലയിലായിരുന്നു. 'ഞങ്ങൾ സ്ഥലത്തെ എംഎൽഎയുടെ ആളുകളാണ്, ഞങ്ങളെ ഒന്നും ചെയ്യാൻ നിങ്ങൾ കഴിയില്ലെ'ന്നും ആൾക്കൂട്ടം വിളിച്ചു പറഞ്ഞതായി അസ്ലം വെളിപ്പെടുത്തി. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് വാഹനത്തിനുള്ളിൽ വച്ചും റക്ബറിനെ മർദ്ദിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.