മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒപ്പിടാത്ത ഒരേയൊരു കറന്‍സിയായ ഒരു രൂപ നോട്ടിന് നൂറ് വയസ്സ് തികയുന്നു. 1917 നവംബര്‍ മുപ്പത്തിനാണ് ഒരു രൂപ നോട്ടുകള്‍ ആദ്യമായി ഇന്ത്യയിലെത്തുന്നത്. നാണയങ്ങളുടെ വരവിനെ തുടര്‍ന്ന് 1994-ല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയെങ്കിലും പൊതുജനങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് 2015-ല്‍ ഇതിന്റെ അച്ചടി വീണ്ടും പുനരാരംഭിച്ചിരുന്നു.
ഒരു രൂപയുടെ നാണയങ്ങളാണ് രാജ്യത്ത് ആദ്യം പുറത്തിറക്കിയിരുന്നതെങ്കിലും ഒന്നാം ലോകമഹായുദ്ധം നടക്കുമ്പോള്‍ വെള്ളിയുടെ മൂല്യം കൂടുകയും ആളുകള്‍ നാണയങ്ങള്‍ ഉരുക്കി കട്ടിയാക്കി തൂക്കി വില്‍ക്കുകയും ചെയ്തു. ഇതോടെയാണ് ഒരു രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അച്ചടിക്കാന്‍ ആരംഭിച്ചത്.
ഇംഗ്ലണ്ടില്‍ അച്ചടിച്ചിരുന്ന ഈ നോട്ടുകള്‍ കപ്പല്‍ മാര്‍ഗ്ഗം ഇന്ത്യയിലെത്തിക്കുകയായിരുന്നു. ഇടത്തേ ഭാഗത്ത് ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന്റെ ചിത്രത്തോട് കൂടിയ ഈ നോട്ടുകള്‍ ഇന്ത്യയോടൊപ്പം ഗള്‍ഫ് രാജ്യങ്ങളിലും പ്രചാരത്തിലുണ്ടായിരുന്നു. പിന്നീട് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെയാണ് നോട്ട് പരിപൂര്‍ണമായും സ്വദേശിയാവുന്നത്.
പുറത്തിറങ്ങി 100 വര്‍ഷത്തിനുള്ളില്‍ 28 തവണയാണ് ഒരു രൂപ നോട്ടുകളുടെ ഡിസൈന്‍ മാറിയത്. 1917-ല്‍ ഇന്ത്യയിലെത്തിയ ആദ്യത്തെ ഒരു രൂപ നോട്ടിന് നാണയശേഖരം ഹോബിയാക്കിയ ചിലരുടെ കൈയില്‍ ഇപ്പോഴുമുണ്ട്. 12,000-13,000 -ത്തിനും ഇടയിലാണ് ഈ നോട്ടുകളുടെ നിലവിലെ വിപണി മൂല്യം.
വിശേഷചടങ്ങുകളില്‍ ദക്ഷിണയായും പ്രതിഫലമായുമെല്ലാം ആളുകള്‍ 101,501,51 എന്നിങ്ങനെയുള്ള തുകകള്‍ നല്‍കുമ്പോള്‍ പുതിയ ഒരു രൂപ നോട്ടുകള്‍ നല്‍കുന്നത് പതിവായിരുന്നു. രാജ്യത്ത് പ്രചാരത്തിലുള്ള മറ്റു നോട്ടുകളിലെല്ലാം കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒപ്പു വയ്ക്കുമ്പോള്‍ ഒരു രൂപ നോട്ടില്‍ മാത്രം കേന്ദ്രധനകാര്യസെക്രട്ടറിയാണ് ഒപ്പു വയ്ക്കുന്നത്. ഒരു രൂപ നോട്ട് തങ്ങളുടെ സന്തതി അല്ലാത്തതിനാലാണോ എന്നറിയില്ല. സാധാരണക്കാരന്റെ നോട്ടായ ഒരു രൂപ നോട്ടിന്റെ നൂറാം വാര്‍ഷികം ആഘോഷങ്ങളില്ലാതെയാണ് കടന്നു പോകുന്നത്.
