മൂന്ന് പതിറ്റാണ്ടിലേറ പഴക്കമുള്ള ബോട്ടാണ് കഴിഞ്ഞ വർഷം അപകടത്തിൽപ്പെട്ടത്. വേഗത്തിലെത്തിയ മത്സ്യബന്ധന ബോട്ട് ഇടിച്ച് യാത്രാബോട്ട് രണ്ടായി പിളരുകയായിരുന്നു. ഒരു വർഷത്തിനിപ്പുറവും യാത്രാബോട്ടിന്‍റെ അവസ്ഥയിൽ കാര്യമായ മാറ്റമില്ല. സർവീസ് നടത്തുന്നത് തുരുന്പിച്ച ബോട്ടുകൾ. അപകടമുണ്ടാക്കുംവിധം മത്സ്യബന്ധന ബോട്ടുകൾ കായലിൽ പാഞ്ഞ് നടക്കുന്നു. കഴിഞ്ഞമാസവും മത്സ്യബന്ധന ബോട്ട് ജങ്കാറിലിടിച്ചു. അപകടം ഒഴിഞ്ഞത് ഭാഗ്യംകൊണ്ട് മാത്രം.
യാത്രക്കാർ എല്ലാവരും ലൈഫ്ജാക്കറ്റ് ധരിക്കണമെന്നാണ് നിയമം. ബോട്ടിൽ ലൈഫ് ജാക്കറ്റുകളൊക്കെയുണ്ട്. പക്ഷേ എല്ലാം ഭദ്രമായി കെട്ടിവച്ചിരിക്കുകയാണ്. അപകടമുണ്ടായി നിമിഷങ്ങൾക്കുള്ളിലാണ് കഴിഞ്ഞ തവണ ബോട്ട് മുങ്ങിയത്. അതുകൊണ്ട് തന്നെ അപകടമുണ്ടായശേഷം ലൈഫ് ജാക്കറ്റ് ധരിക്കുക എന്നത് അപ്രായോഗികം.
ജങ്കാറിന് പകരം റോ-റോ സർവീസ് വരുന്നതോടെ അപകടങ്ങൾ ഒരുപരിധി വരെ ഒഴിവാക്കാനാകും. എന്നാൽ ഒരുവർഷമായിട്ടും ഇതിന്‍റെ നിർമാണം എങ്ങുമെത്തിയിട്ടില്ല. ഏത് നിമിഷവും സംഭവിക്കാവുന്ന ഒരപകടം മുന്നിൽ നിൽക്കെ ഫോർട്ട്കൊച്ചി ദുരന്തത്തിൽ നിന്ന് പാഠം പഠിക്കാത്ത അധികൃതരിപ്പോഴും സാധാരണക്കാരുടെ ജീവൻ വച്ച് പന്താടുകയാണ്.
