ഡിസിസി ഓഫീസിന് മുന്നിലെ ശവപ്പെട്ടി അന്വേഷണം കെ എസ് യു നേതാക്കളിലേക്ക് ശവപ്പെട്ടി വാങ്ങുന്ന സി സി ടി വി ദൃശ്യം പുറത്തുവന്നു

കൊച്ചി: എറണാകുളം ഡി സിസി ഓഫീസിനുമുന്നിൽ ശവപ്പെട്ടിയും റീത്തും കാണപ്പെട്ട സംഭവത്തിൽ അന്വേഷണം കെ എസ് യു നേതാക്കളിലേക്ക്. രണ്ട് കെ എസ് യു നേതാക്കൾ വടുതലയിലെ കടയിൽ നിന്ന് ശവപ്പെട്ടിയും റീത്തും വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 

കെ എസ് യു മുൻ സംസ്ഥാന സെക്രട്ടറിയും കോതമംഗലം സ്വദേശിയായ കെ എസ് യു നേതാവും അടക്കം 4 പേരെ ദൃശ്യങ്ങളിൽ കാണാം. ഇവരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. രാജ്യസഭാ സീറ്റിനെച്ചൊല്ലി കോൺഗ്രസിലെ പടലപ്പിണക്കം കത്തി നിൽക്കെ ഇക്കഴിഞ്ഞ ഒൻപതിന് രാവിലെയാണ് എറണാകുളം ഡി സിസി ഓഫീസിനുമുന്നിൽ ശവപ്പെട്ടിയും റീത്തും കാണപ്പെട്ടത്. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങളും ഇതോടൊപ്പം ഉണ്ടായിരുന്നു. തൊട്ടു തലേന്ന് രാത്രി പതിനൊന്നുമണിക്ക് വടുതലയിലെ ഒരു കടയിൽ നിന്ന് ശവപ്പെട്ടിയും റീത്തും വാങ്ങുന്ന സിസി ടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മുൻ കെ എസ് യു സംസ്ഥാന സെക്രട്ടറിയും കോതമംഗലം സ്വദേശിയായ മറ്റൊരു കെ എസ് യു നേതാവും അടക്കം നാലുപേരെ ദൃശ്യങ്ങളിൽ കാണാം.ഏതാണ്ട് ഇരുപത് മിനിറ്റോളം ഇവർ കടയിൽ ചെലവഴിച്ചു. സിസി ടിവി ദൃശ്യങ്ങൾ കിട്ടിയതായി എറണാകുളം സെൻട്രൽ പൊലീസും സ്ഥിരീകരിച്ചു. കെ എസ് യു നേതാക്കളടക്കം സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്. 

രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിന്‍റെ പശ്ചാത്തലത്തിലായിരുന്നു റീത്ത് വച്ച് പ്രതിഷേധം. ഡിസിസി ഓഫീസില്‍ ഉമ്മർ ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും എതിരായ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ യൂദാസുമാരാണെന്നും കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നുമാണ് പോസ്റ്ററിലെ ഉള്ളടക്കം. ഞങ്ങള്‍ പ്രവര്‍ത്തകരുടെ മനസില്‍ നിങ്ങള്‍ മരിച്ചു കഴിഞ്ഞു. പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടിയെന്നും പോസ്റ്ററില്‍ ചോദിക്കുന്നു. പോസ്റ്ററുകള്‍ പതിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല.