ദില്ലി: ഉത്തരേന്ത്യയിൽ സവാളക്ക് തീ വില. ഒരു മാസം മുൻപ് കിലോയ്ക്ക് 20 രൂപയ്ക്ക് കിട്ടിയിരുന്ന സവാളയുടെ വില കുതിച്ചുയർന്ന് എഴുപതിൽ എത്തി.കഴിഞ്ഞ നാല് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിലക്കയറ്റം ആണിത്. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ കനത്ത മഴ മൂലമുണ്ടായ വിളനാശമാണു വില കൂടാൻ കാരണം.വിപണിയിൽ സവാള കിട്ടാനില്ലാതായതോടെ വ്യാപാരികൾ തോന്നുംപോലെ വില ഈടാക്കുന്നതും സാധാരണക്കാരെ വലയ്ക്കുകയാണ്.

സവാള വിൽക്കുന്ന കടകൾക്ക് മുന്നിലെ നീണ്ട നിരയും ഉത്തരേന്ത്യയിൽ ഇതോടെ പതിവ് കാഴ്ചയായിട്ടുണ്ട്. അതേ സമയം  വിലക്കയറ്റം നിയന്ത്രിക്കാൻ ന്യായവില കടകളുമായി കേന്ദ്രസർക്കാരും ദില്ലി സർക്കാരും രംഗത്തെത്തി. ന്യായവില കടകളിൽ കിലോയ്ക്ക്  24 രൂപയ്ക്കാണ് സവാള നൽകുന്നത്. പക്ഷെ മണിക്കൂറുകൾ ക്യൂ നിന്നാൽ മാത്രമേ സവാള കിട്ടൂ എന്നതാണവസ്ഥ. 
 
വില നിയന്ത്രണത്തിന് കേന്ദ്ര സർക്കാർ ഇടപെടുന്നില്ലെന്ന ആരോപണം ഇതിനകം ശക്തമായി കഴിഞ്ഞു. 56,000 ടൺ കരുതൽ ശേഖരമുണ്ടെന്നാണ്  
കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നിലവിലെ വിലവർധന താൽക്കാലികമാണെന്നും ആയിരുന്നു വിശദീകരണം. എന്തായാലും  തീവില കുറയാൻ എത്ര നാൾ എടുക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം.