ഓണ്‍ലൈനിലൂടെ തട്ടിയ പണം തിരിച്ചുപിടിച്ചു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം

കൊച്ചി: ആലുവ സ്വദേശികളായ രണ്ടുപേരില്‍ നിന്നും ഓണ്‍ലൈനിലൂടെ തട്ടിയ പണം പോലീസിന്‍റെ സമയോചിതമായ ഇടപെടല്‍ മൂലം തിരികെ ലഭിച്ചു. കാലാവധി കഴിഞ്ഞ ക്രെഡിറ്റ്‌ കാര്‍ഡ്‌ പുതുക്കാന്‍ എന്ന പേരില്‍ ഒ.ടി.പി നമ്പറും മറ്റു വിവരങ്ങളും ചോര്‍ത്തിയാണ് തട്ടിപ്പുകാര്‍ പണം കൈവശപ്പെടുത്തിയത്. 

ഒരാള്‍ക്ക് 40,000 രൂപയും മറ്റൊരാള്‍ക്ക് 29,507 രൂപയുമാണ് നഷ്ടപ്പെട്ടത്. പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഓണ്‍ലൈന്‍ വാലറ്റുകള്‍ വഴി സാധനങ്ങള്‍ വാങ്ങാനാണ് പണം ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് വ്യാപാര കമ്പനികളുമായി ബന്ധപ്പെട്ട് പണമിടപാട് മരവിപ്പിച്ചു. തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 

ക്രെഡിറ്റ്‌/ഡെബിറ്റ് കാര്‍ഡുകള്‍ പുതുക്കാന്‍ എന്ന വ്യജേനയും, ജോലി വാഗ്ദാനം ചെയ്തും, വന്‍തുക ലോട്ടറി അടിച്ചെന്നു പറഞ്ഞും മറ്റും ഫോണ്‍ വഴി ഒ.ടി.പി അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്നുണ്ടെന്നു ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു. ഇതിനെതിരെ പൊതുജനം ജാഗ്രത പാലിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.