വീണ്ടും ബാങ്ക് തട്ടിപ്പ് സ്ത്രീകൾക്ക് പണം നഷ്ടമായി ഒടിപി നമ്പർ നൽകാതെ തട്ടിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ഓൺലൈന്‍ ബാങ്കിംഗ് തട്ടിപ്പ്. തിരുവനന്തപുരത്ത് രണ്ട് സ്ത്രീകളുടെ എസ്ബിഐയുടെ അക്കൗണ്ടിൽ നിന്നും 1.62 ലക്ഷം രൂപ നഷ്ടമായി. പണം പിൻവലിച്ചുവെന്ന സന്ദേശമാണ് ഇരുവർക്കും മൊബൈൽ വഴി കിട്ടിയത്.
മെയ് 13ന് കുറവന്‍കോണം സ്വദേശി ഡോ. വീണയ്ക്ക് പണം പിന്‍വലിച്ചെന്ന് സന്ദേശം ലഭിക്കുന്നത്. അഞ്ചുതവണയായി 30,000 രൂപയാണ് നഷ്ടമായത്. ആപ്പിള്‍ ഐ ട്യൂണ്‍സ്, ഗൂഗിള്‍ യങ് ജോയ് തുടങ്ങിയ സൈറ്റുകളില്‍ പണമിടപാട് നടത്തിയെന്നാണ് സന്ദേശം. എ.ടി.എം കാര്‍ഡ് ഒരുതവണ പോലും ഉപയോഗിച്ചിട്ടില്ലാത്ത ബാലരാമപുരം സ്വദേശിനിയായ ശോഭനകുമാരിയെന്ന വീട്ടമ്മയ്ക്ക് സമാനമായ രീതിയില്‍ നഷ്ടമായത് 1,32,927 രൂപയാണ്.
19, 23 തീയതികള്‍ക്കിടെ 60 തവണയായാണ് പണം നഷ്ടമായത്. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങിയെന്നാണ് ബാങ്ക് രേഖകളില്‍ കാണുന്നത്. പണം നഷ്ടമായ രണ്ട് പേരും ഒടിപി നമ്പര്‍ കൈമാറിയിട്ടില്ല. അതിനാല്‍ തന്നെ തട്ടിപ്പിന്റെ ഉറവിടം കണ്ടെത്തുക സൈബര്‍ സെല്ലിനും ബാങ്ക് അധികൃതര്‍ക്കും വെല്ലുവിളിയാണ്.രണ്ട് പേർക്കും എസ്ബിഐയിലാണ് അക്കൗണ്ട്. ബാങ്കിനും പൊലീസിനും പരാതി നൽകി.

