കോഴിക്കോട്: ഒണ്‍ലൈന്‍ ടാക്സി സര്‍വ്വീസായ ഓലക്ക് നേരെ കരിപ്പൂര്‍ വിമാനതാവളത്തില്‍ വീണ്ടും ആക്രമണം. രണ്ട് കാറുകള്‍ക്ക് നെരെയാണ് ടാക്സി ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ ആക്രമണം ഉണ്ടായത്. പരാതിപ്പെട്ടെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്രമണത്തിനിരയായവര്‍ പറഞ്ഞു.
കോഴിക്കോട് നഗരത്തിലും കരിപ്പൂര്‍ വിമാനതാവളത്തിലുമാണ് ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് നെരെയുള്ള ആക്രമണം തുടര്‍ക്കഥയാവുന്നത്. കോഴിക്കോട് സ്വദേശി അശ്വിന്‍, ഫറോക്ക് സ്വദേശി നൗഫല്‍ എന്നിവരുടെ കാറുകള്‍ക്ക് നേരെയാണ് കഴിഞ്ഞദിവസം ആക്രമണം ഉണ്ടായത്.
സംഘടിച്ചെത്തിയ ഡ്രൈവര്‍മാര്‍ കൈയേറ്റം ചെയ്യുകയും വാഹനം നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് ആളെ എടുക്കാന്‍ പാടില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഓണ്‍ലൈന്‍ ടാക്സികള്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പത്തിലധികം കേസുകള്‍ കോഴിക്കോടും വിമാനതാവളത്തിലുമായി ഉണ്ടായിട്ടുണ്ട്.എന്നാല്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. 50 ല്‍ കൂടുതല്‍ ഓണ്‍ലൈന്‍ ടാക്സികളാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്.
