ത്യപ്തി ദേശായിയുടെ ശബരിമല ട്രിപ്പ് എടുക്കാത്തതിന്‍റെ കാരണവും ഓണ്‍ലൈന്‍ ഡ്രൈവേര്‍സ് യൂണിയന്‍ അംഗങ്ങള്‍ വ്യക്തമാക്കുന്നു. വാഹനത്തിനുണ്ടാകാവുന്ന നഷ്ടം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും യൂണിയന്‍ അറിയിച്ചു.
കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാനാവില്ലെന്ന് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ അറിയിച്ചിരുന്നു. തൃപ്തിയെയും സംഘത്തെയും കൊണ്ടുപോകാന്‍ വിമാനത്താവളത്തിലെ പ്രീപെയ്‍ഡ് ടാക്സി ഡ്രൈവര്‍മാര്‍ നേരത്തെ തന്നെ വിസമ്മതം അറിയിച്ചിരുന്നു. ത്യപ്തി ദേശായിയുടെ ശബരിമല ട്രിപ്പ് എടുക്കാത്തതിന്‍റെ കാരണവും ഓണ്‍ലൈന്‍ ഡ്രൈവേഴ്സ് യൂണിയന്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരായ പ്രതിഷേധത്തിനിടയില്‍ വാഹനത്തിനുണ്ടാകാവുന്ന നഷ്ടം കണക്കിലെടുത്താണ് ഈ തീരുമാനം.
'രാജ്യത്തെ ഭരണഘടനയേയും മൗലികാവകാശങ്ങളേയും ഞങ്ങള്‍ മാനിക്കുന്നു. പരമോന്നത നീതി പീഠത്തിന്‍റെ വിധികളേയും ഞങ്ങള്‍ മാനിക്കും. കഴിഞ്ഞ തവണ റിപ്പബ്ലിക് ചാനലിന്‍റെ റിപ്പോര്‍ട്ടേഴ്സുമായി നിലക്കലിലേക്ക് പോയ ഞങ്ങളുടെ അംഗമായ രഞ്ജിത്തിന്‍റെ KL 39 M 2004 വാഹനം നിലക്കലില്‍ വെച്ച് അക്രമിക്കപ്പെടുകയും ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം വാഹനത്തിന് മാത്രം ഉണ്ടാവുകയും ചെയ്തു. ഒരു മാസത്തോളം എടുത്തു ആ വാഹനം വീണ്ടും പണിതീര്‍ത്ത് നിരത്തില്‍ ഇറക്കാന്‍. ഇത് ഡ്രൈവറുടെ വരുമാനം ഇല്ലാതാക്കുകയും കടക്കെണി വര്‍ധിപ്പിക്കുകയും കുടുംബത്തിന്‍റെ ജീവിതത്തെ ദോഷമായി ബാധിക്കുകയും ചെയ്തു. സര്‍വ്വീസ് പ്രൊവൈഡറായ OLA യാതൊരുതരത്തിലുള്ള നഷ്ടപരിഹാരവും അക്രമത്തിനിരായ രഞ്ചിത്തിന് നല്‍കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ അക്രമങ്ങള്‍ അവസാനിക്കാതെ സമാധാന അന്തരീക്ഷം ഉണ്ടാവാതെ യുവതികളുമായി ശബരിമലയിലേക്ക് ട്രിപ്പുമായി പോകാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല.'- ഓണ്‍ലൈന്‍ ഡ്രൈവേര്‍സ് യൂണിയന്‍ വ്യക്തമാക്കി.
