കോട്ടയം: ഷുഹൈബിന്‍റെ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ചാണ്ടി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് സമനില തെറ്റിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാര്‍ട്ടി അണികള്‍ക്ക് സഹിഷ്ണുത നഷ്ടപ്പെട്ടു. മാർക്സിസ്റ്റ് പാർട്ടി അധികാരത്തിന്‍റെ അഹങ്കാരം കാട്ടുകയാണെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‍റെ വീട് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. കൊലയ്ക്കുപിന്നില്‍ സി.പി.എം. ആണെന്ന പോലീസിന്‍റെ വെളിപ്പെടുത്തലോടെ സി.പി.എമ്മിന് പങ്കില്ലെന്ന വാദം പൊളിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ഥ പ്രതികള്‍ പിടിയിലാകുന്നതുവരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

അതേസമയം ആകാശ് തില്ലങ്കേരി പാര്‍ട്ടി അംഗം തന്നെയെന്ന് പി. ജയരാജന്‍ പറഞ്ഞു. ഷുഹൈബിന്‍റെ കൊലപാതകം പാര്‍ട്ടി അന്വേഷിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ആണ് തനിക്ക് വിശ്വാസം. അറസ്റ്റ് ചെയ്ത പ്രതികള്‍ യഥാര്‍ത്ഥ പ്രതികള്‍ ആണോ എന്ന് പാര്‍ട്ടി പരിശോധിക്കും എന്നും പി. ജയരാജന്‍ പറഞ്ഞു. 

യു.ഡി.എഫ് എം.എൽ.എമാരുടെ സമീപനം ശരിയായില്ല. ഭരണ സ്വാധീനം ഒരു കേസിലും ഉണ്ടാവില്ല. അന്വേഷണം നിഷ്പക്ഷമാണ് എന്നും ജയരാജന്‍ വ്യക്തമാക്കി. പ്രതികൾ ആരാണെന്നു പുറത്ത് ഉള്ളവർ നിശ്ചയിക്കണ്ട എന്നും പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.