ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ദീദി. സർക്കാർ അപ്പീലുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ മേല്‍ കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിവേഗ അപ്പീൽ നീക്കവുമായി സംസ്ഥാന സർക്കാർ നടപടികൾ തുടങ്ങുമ്പോള്‍ മേല്‍ കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചലച്ചിത്ര പ്രവര്‍ത്തക ദീദി ദാമോദരന്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ദീദി.
മേല്‍ കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ
സർക്കാർ അപ്പീലുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ മേല്‍ കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അവിടെയും നീതി കിട്ടുന്നില്ലെങ്കില്‍, വീണ്ടും അതിന് മുകളിലുള്ള കോടതിയിലേയ്ക്ക് പോകും. വ്യക്തിപരമായി പറഞ്ഞാല്‍ എന്നെ പോലെ ഒരാള്‍ക്ക് ഇതൊരു ആദ്യത്തെ കേസല്ല. ഇത്തരം കേസുകളില്‍ ഇതിന് മുമ്പ് നടന്നിട്ടുള്ളതും ഇങ്ങനെ തന്നെയാണ്. ഈ കേസിലുള്ള വ്യത്യാസം എന്നത് സൂര്യനെല്ലി കേസിന്‍റെ സമയത്ത് നമ്മുക്ക് വാട്സപ്പ് ഗ്രൂപ്പുകളില്ല, ഫേസ് ബുക്കില്ല. പക്ഷേ അപ്പോഴും സ്ത്രീകളൊക്കെ ഒന്നിച്ചു കൂടുകയും, ക്രൗഡ് ഫണ്ടിംഗ് ചെയ്യുകയും, കേസ് സുപ്രീം കോടതി വരെ കൊണ്ടുപോവുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാലം മാറിയതിന്‍റെ വ്യത്യാസങ്ങളുണ്ട്. പിന്നെ ഇന്ന് കുറച്ചുകൂടി ആളുകള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാകുന്നുണ്ട്. ഇതില്‍ അന്യായമുണ്ടെന്നും ഒരു സ്ത്രീക്കെതിരെ ഇങ്ങനെയൊന്നും നടക്കാന്‍ പാടില്ലെന്ന് പറയുമ്പോള്‍, ആണ്‍-പെണ്‍ വ്യത്യാസം ഇല്ലാതെ അവര്‍ക്കത് മനസിലാകുന്നുണ്ട്.
പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാം
പൊതുവേ ഇത്തരം കേസുകളില്‍ പ്രതി സ്ഥാനത്ത് പ്രബലരായവര്‍ നില്‍ക്കുമ്പോള്‍, കേസ് അട്ടിമറിക്കുന്നതായി കണ്ടിട്ടുണ്ട്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് ആണെങ്കിലും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ആയാലും പ്രതി സ്ഥാനത്ത് പ്രബലരായവര്‍ ഉണ്ടെങ്കില്‍ തെളിവുകള്‍ അത് തെളിവുകള്‍ അല്ലാതായി മാറും. അതേപോലെ ആവര്‍ത്തിക്കുകയായിരുന്നു ഈ കേസിലും. ഇത് പുതിയ കാര്യമല്ല, അതുകൊണ്ടാണ് വിധിയില്‍ ഞെട്ടല്‍ ഒന്നും ഇല്ലാതിരുന്നതും, വിഷമം മാത്രം തോന്നിയതും.
വിചാരണയ്ക്കിടെ നടി അയച്ചിരുന്ന സന്ദേശങ്ങള്‍ കണ്ടപ്പോഴെ തോന്നി അവള്‍ക്ക് നീതി കിട്ടില്ലെന്ന്
വിചാരണ സമയത്ത് നടിയുമായി സംസാരിക്കാറുണ്ടായിരുന്നു. ഭീകരമായ അവസ്ഥയിലൂടെയാണ് നടി അന്ന് കടന്നുപോയത്. അതുകൊണ്ടുതന്നെ ഈ കേസിന്‍റെ വിധി എന്തായിരിക്കും എന്ന് അന്നേ ഊഹിക്കാമായിരുന്നു. ഇത്തരമൊരു സംഭവം നടന്നു എന്ന് പറഞ്ഞ് കോടതി മുറിയില്‍ പോയ ഒരു സ്ത്രീക്ക് കൂടുതല്‍ വിഷമിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായി എന്ന് പറയുമ്പോള്‍, അതിന്‍റെ അര്‍ത്ഥം അവരോടൊപ്പം അല്ല കോടതി എന്നുതന്നെയാണ്. വിചാരണയ്ക്കിടെ നടി എനിക്ക് അയച്ചിരുന്ന സന്ദേശങ്ങള്‍ വച്ച് നോക്കുമ്പോള്‍, ആ ദിനങ്ങള്‍ അവള്‍ക്ക് ഏറെ കഠിനമായിരുന്നു. അവള്‍ക്ക് ഒരു തരത്തിലും നീതി കിട്ടില്ല എന്ന് പോലും തോന്നിയിരുന്നു. അതിജീവിത കഴിഞ്ഞ ദിസവം പങ്കുവച്ച കുറിപ്പില്‍ പറയുന്നത്, അവള്‍ അനുഭവിച്ചതിന്‍റെ ഏറ്റവും ലൈറ്റായ രൂപം മാത്രമാണ്.
ക്രൗഡ് ഫണ്ടിംഗ് ചെയ്താല്‍ തന്നെ കേസ് നടത്താം
അവള്‍ക്കൊപ്പം ഹാഷ്ടാഗ് ഇടുന്ന ആളുകള്‍ 100 രൂപ വെച്ച് ക്രൗഡ് ഫണ്ടിംഗ് ചെയ്താല്‍ തന്നെ ഏത് വലിയ സുപ്രീം കോടതിയിലേക്കുള്ള കേസ് നടത്താനുമുള്ള പണം അതില്‍ നിന്നും കിട്ടും എന്നാണ് എനിക്ക് തോന്നുന്നത്. എത്ര പേരാണ് ആത്മാര്‍ത്ഥയോട് 'അവള്‍ക്കൊപ്പം' എന്ന് പറയുന്നതെന്ന് തെളിയിക്കാവുന്നതേയുള്ളൂ. എന്നെ വിളിക്കുന്ന പല സ്ത്രീകളും പറയുന്നത് ഈ വിധി കേട്ടതിന് ശേഷം അവര്‍ക്ക് ഉറങ്ങാന്‍ പറ്റുന്നില്ല എന്നാണ്. അവള്‍ ഉള്‍പ്പെടുന്ന സിനിമാ മേഖലയില്‍ പക്ഷേ ചെറിയ ഒരു ശതമാനം പേര്‍ മാത്രമേ അവള്‍ക്കൊപ്പം നിന്നിട്ടുള്ളൂ.
