ഗ്രൂപ്പിന്റെ അമരക്കാരനെ ദേശീയരാഷ്ട്രീയത്തിലേക്ക് മാറ്റുന്നതിൽ എ ഗ്രൂപ്പിന് സന്തോഷവും ആശങ്കയുമുണ്ട്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ അസാധാരണമായ രാഷ്ട്രീയ മാറ്റങ്ങള്‍ക്കാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. കരുത്ത് തെളിയിക്കാനായി മൂന്ന് മുന്നണികളും ഏറ്റുമുട്ടുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള മണിക്കൂറുകളില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖരായ രണ്ട് നേതാക്കള്‍ താല്‍കാലികമായെങ്കിലും കളം മാറുകയാണ്.
ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ട കുമ്മനം രാജശേഖരന് സജീവരാഷ്ട്രീയത്തില്‍ നിന്ന് താല്‍കാലികമായി വിരമിക്കേണ്ടി വരുന്പോള്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ സംസ്ഥാനമായ ആന്ധ്രപ്രദേശില്‍ പാര്‍ട്ടിയുടെ മാര്‍ഗ്ഗദര്‍ശിയാവാനാണ് ഉമ്മന്‍ചാണ്ടി നിയോഗിക്കപ്പെടുന്നത്. കേരളത്തിൽ 48 വര്‍ഷം നീണ്ട രാഷ്ട്രീയജീവിതത്തിനൊടുവിലാണ് ഉമ്മൻചാണ്ടിയുടെ തട്ടകം കേന്ദ്രത്തിലേക്ക് മാറുന്നത്. ഉമ്മന്‍ചാണ്ടിയുടെ പുതിയ പദവിയോടെ സംസ്ഥാനത്തെ ഗ്രൂപ്പ് ബലാബലത്തിലും മാറ്റം വരും.
എനിക്ക് കേരളത്തില്‍ തുടരാനാണ് താത്പര്യം.... ദേശീയ രാഷ്ട്രീയത്തിലേക്കുള്ള മാറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം എന്നും ഇതായിരുന്നു അണികളുടെ സ്വന്തം ഒസിയുടെ മറുപടി. പക്ഷെ ഒടുവിൽ ഹൈക്കമാൻഡ് നിർണ്ണായക തീരുമാനം എടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഒരു സ്ഥാനവും ഏൽക്കാതെ മാറിനിൽക്കുകയാണ് ഉമ്മൻചാണ്ടി. ഇടക്ക് കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും ഉമ്മൻചാണ്ടി വഴങ്ങിയില്ല. എന്നാല്‍ ഒടുവില്‍ എഐസിസി സെക്രട്ടറിയാക്കി ഉമ്മന്‍ചാണ്ടിയെ രാഹുല്‍ കളത്തിലിറക്കി.
ഗ്രൂപ്പിന്റെ അമരക്കാരനെ ദേശീയരാഷ്ട്രീയത്തിലേക്ക് മാറ്റുന്നതിൽ എ ഗ്രൂപ്പിന് സന്തോഷവും ഒപ്പം ചില ആശങ്കയുമുണ്ട്.എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തിനൊപ്പം കോൺഗ്രസ് പ്രവർത്തകസമിതിയിൽ അംഗത്വവും എ ഗ്രൂപ്പ് ആഗ്രഹിക്കുന്നു. ആന്ധ്ര എന്ന വലിയ സംസ്ഥാനത്തിന്റെ ചുമതല ആയതിനാൽ പൂർണ്ണമായും കേരളരാഷ്ട്രീയത്തിൽ നിന്നുള്ള പറിച്ചുനടലുണ്ടാകുമോ എന്ന ആശങ്ക ഗ്രൂപ്പിനുണ്ട്. ഉമ്മൻചാണ്ടിക്ക് കേന്ദ്രത്തിൽ പിടി ഉണ്ടാകുന്നത് സംസ്ഥാനത്തെ ശാക്തികബലാബലത്തിൽ ഗുണമാകുമെന്ന് ഗ്രൂപ്പ് കരുതുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ ഉമ്മൻചാണ്ടിക്ക് മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള മടക്കത്തിന് പുതിയ സ്ഥാനം തടസ്സമാകരുതെന്നും ഗ്രൂപ്പ് ആഗ്രഹിക്കുന്നു. എന്നാൽ ഇനി ചെന്നിത്തലക്ക് സംസ്ഥാനത്ത് കാര്യങ്ങൾ കൂടുതൽ എളുപ്പമായെന്നാണ് ഐ ഗ്രൂപ്പ് വിലയിരുത്തൽ
വൈ.എസ്.രാജശേഖരറെഡ്ഡിയുടെ അപ്രതീക്ഷിത മരണത്തോടെ ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് തകര്‍ന്ന അവസ്ഥയിലാണ്. ചന്ദ്രബാബു നായിഡുവിന്‍റ തെലുങ്ക് ദേശം പാര്‍ട്ടിയാണ് നിലവില്‍ ആന്ധ്രാപ്രദേശ് ഭരിക്കുന്നത്. വൈ.എസ്.രാജശേഖരറെഡ്ഡിയുടെ മകന്‍ വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസാണ് ആന്ധ്രയിലെ മറ്റൊരു പ്രമുഖ പാര്‍ട്ടി. തെലുങ്കുദേശം നേരത്തെ എന്‍ഡിഎയിലെ പ്രമുഖകക്ഷിയായിരുന്നുവെങ്കിലും പ്രത്യേക സംസ്ഥാന പദവി ലഭിക്കാത്ത വിഷയത്തില്‍ ബിജെപിയുമായി ഇടഞ്ഞ് അദ്ദേഹം എന്‍ഡിഎ വിട്ടു. കര്‍ണാടകയിലെന്ന പോലെ ആന്ധ്രയിലും നിര്‍ണായക ശക്തിയായി മാറാനുള്ള ശ്രമത്തിലാണ് ബിജെപിയിപ്പോള്‍ ഇങ്ങനെ അതിസങ്കീര്‍ണമായ രാഷട്രീയ ഭൂമിയിലേക്കാണ് നാല്‍പ്പത് വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തന പരിചയവുമായി ഉമ്മന്‍ചാണ്ടി പോകുന്നത്.
ആന്ധ്രയുടെ ചരിത്രം...
2009-ലെ ലോക്സഭാ--നിയമസഭാ തിരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസിന്‍റെ തെന്നിന്ത്യയില്‍ പ്രധാന ശക്തികേന്ദ്രമായിരുന്നു ആന്ധ്രപ്രദേശ്. 2004--06 കാലഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി കേരള മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അതേ കാലത്ത് ആന്ധ്രാപ്രദേശില്‍ അധികാരത്തിലേറിയ വൈ.എസ്.രാജശേഖരറെഡ്ഡി എന്ന നേതാവാണ് ആന്ധ്രയെ ഒരു കോണ്‍ഗ്രസ് കോട്ടയാക്കി മാറ്റിയത്. . എന്നാല്‍ രണ്ടാമതും മുഖ്യമന്ത്രിയായി അധികാരമേറ്റ് മാസങ്ങള്‍ക്കുള്ളിലുണ്ടായ ഒരു ഹെലികോപ്ടര്‍ അപകടത്തില്‍ വൈ.എസ്.ആര്‍ ഇല്ലാതായതോടെ ആന്ധ്രപ്രദേശിന്‍റെ രാഷ്ട്രീയഭൂമിക തന്നെ മാറിമറിഞ്ഞു.
വൈ.എസ്.ആറിന്‍റെ പിന്‍ഗാമിയായി ഉയരാനുള്ള മകന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തടയിട്ടതോടെ പാര്‍ട്ടിയില്‍ കലാപം രൂപം കൊണ്ട്. കോണ്‍ഗ്രസ് പിളര്‍ത്തി വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിക്ക് ജഗന്‍ രൂപം നല്‍കി. വൈഎസ്ആറിന്‍റെ ഭരണകാലത്ത് ഒതുക്കപ്പെട്ട തെലങ്കാനപ്രക്ഷോഭവും ഇതേ സമയം ശക്തിപ്രാപിച്ചു. പ്രത്യേക സംസ്ഥാനത്തിനായി കെ.ചന്ദ്രശേഖരറാവുവും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ തെലങ്കാന രാഷ്ട്രസമിതിയും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കി. ഒടുവില്‍ 2014 ലക്ഷം വച്ച് ആന്ധ്രാപ്രദേശിനെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ടായി വിഭജിച്ചു. തെലങ്കാന എന്ന പുതിയ സംസ്ഥാനം രൂപം കൊണ്ടു.
സംസ്ഥാനവിഭജനത്തിന് ശേഷം നടന്ന ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ നേട്ടം കൊയ്യാം എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ എന്നാല്‍ കോണ്‍ഗ്രസ് വിരുദ്ധത ആഞ്ഞടിച്ച ആന്ധ്രയില്‍ ചന്ദ്രബാബുനായിഡുവിന്‍റെ തെലുങ്കുദേശം പാര്‍ട്ടിയും സഖ്യകക്ഷിയായ ബിജെപിയും ചേര്‍ന്ന് സീറ്റുകള്‍ തൂത്തുവാരി. തെലങ്കാന വിഭജനത്തിന്‍റെ മുഴുവനും ക്രഡിറ്റും ചന്ദ്രശേഖരറാവുവിന് ലഭിച്ചതോടെ തെലങ്കാനയില്‍ ടിആര്‍എസ് ഭരണം പിടിച്ചു. സ്വന്തം കോട്ടയില്‍ കോണ്‍ഗ്രസ് തകര്‍ന്നിടിഞ്ഞു.
ഇതെല്ലാം അഞ്ച് വര്‍ഷം മുന്‍പത്തെ ചരിത്രം ഇന്നിപ്പോള്‍ തെലങ്കാനയിലേയും ആന്ധ്രയിലേയും രാഷ്ട്രീയ ചിത്രം മറ്റൊന്നാണ്. പ്രത്യേക സംസ്ഥാന പദവി വിഷയത്തെ ചൊല്ലി ടിഡിപി എന്‍ഡിഎ വിട്ടു. ബിജെപിയോട് ഒട്ടിനിന്ന ചന്ദ്രശേഖരറാവുവും ഇപ്പോള്‍ പ്രതിപക്ഷ ഐക്യത്തിനായി ആഹ്വാനം ചെയ്യുന്നു. ജഗമോഹന്‍ റെഡ്ഡിക്കാണെങ്കില്‍ പണ്ടത്തെ വെറുപ്പൊന്നും ഇന്ന് കോണ്‍ഗ്രസിനോടില്ല.
ഇങ്ങനെ കലങ്ങിമറിഞ്ഞ ഒരു രാഷ്ട്രീയവേദിയിലേക്കാണ് പുതുപ്പള്ളിയില്‍ നിന്നും ഉമ്മന്‍ചാണ്ടി വരുന്നത്. ഉമ്മന്‍ചാണ്ടി എന്ന തന്ത്രജ്ഞനെ ഗോദ്ദയിലറക്കുക വഴി രണ്ട് കാര്യങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്. ഒന്ന് ആന്ധ്രയില്‍ കോണ്‍ഗ്രസിന്‍റെ നഷ്ടപ്രതാപം വീണ്ടെടുക്കുക, ജഗനുമായോ ചന്ദ്രബാബു നായിഡുവുമായോ ചേര്‍ന്ന് അധികാരത്തില്‍ തിരിച്ചെത്തുക... ഇനി അതിന് സാധിച്ചില്ലെങ്കില്‍ പോലും ബിജെപി നേട്ടം കൊയ്യുന്നത് തടയുക.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കഴിഞ്ഞ തവണത്തെ പോലെ വന്‍വിജയം ബിജെപി പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ അവിടെ കുറവ് വരുന്ന സീറ്റുകള്‍ ദക്ഷിണേന്ത്യയിലും ഒഡീഷ, ബംഗാള്‍ എന്നീ കിഴക്കന്‍ സംസ്ഥാനങ്ങളിലും, മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായി പിടിക്കാം എന്ന് അമിത്ഷാ കണക്കുകൂട്ടുന്നുണ്ട്. ഈ സമവാക്യം പൊളിക്കാനാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ ജെഡിഎസിനൊപ്പം ചേര്‍ന്നത്. തങ്ങള്‍ക്കില്ലെങ്കില്‍ ബിജെപിക്കുമില്ല എന്ന ഇതേ തന്ത്രമായിരിക്കും ഇനി കോണ്‍ഗ്രസ് ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ സോണിയയും രാഹുലും പ്രയോഗിക്കുക. ആന്ധ്രാപ്രദേശില്‍ ആ തന്ത്രങ്ങള്‍ നിറവേറ്റാനുള്ള ദൗത്യം ഉമ്മന്‍ചാണ്ടിക്കാണ്. മുന്നിലുള്ള വെല്ലുവിളികള്‍ ഒസി എങ്ങനെ മറികടക്കും എന്ന് ഒരു വര്‍ഷത്തിനകം നടക്കുന്ന ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ അറിയാം.
