ദില്ലി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരുരത്തിലുള്ള അന്വേഷണങ്ങളെയും ഭയക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെറ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമായ ധാരണ ഉള്ളതുകൊണ്ട് ആരേയും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ദില്ലിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് രാഹുല്‍ ഗാന്ധിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കേസിനെ രാഷ്ട്രീയമായി നേരിടണോ എന്ന കാര്യം പാര്‍ടിയാണ് തീരുമാനിക്കുന്നത്. നിയമപരമായി പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന്റെ നടപടി അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ ഇത് പൊതു രേഖയല്ല എന്ന മറുപടിയാണ് ലഭിച്ചത്. കേസില്‍ ഉള്‍പ്പെട്ട തനിക്ക് റിപ്പോര്‍ട്ട് കാണാന്‍ അവകാശമുണ്ട്. അത് നിഷേധിക്കുന്നത് നിയമപരമായും ധാര്‍മികമായും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
