തിരുവനന്തപുരം: തെറ്റായ പ്രചാരണങ്ങളും വര്‍ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളുമാണു പരാജയത്തിനു കാരണമായതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത്തരം പ്രചാരണങ്ങളെ അതിജീവിക്കാനും പ്രതിരോധിക്കാനും കഴിഞ്ഞില്ലെന്നും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പരാജയത്തില്‍ ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു. ഗവണ്‍മെന്റിന്റെ വിജയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വീഴ്ചപറ്റി. ജനാധിപത്യത്തില്‍ ജനങ്ങളാണ് അവസാനവാക്ക്. ജനവിധി മാനിക്കുന്നു - അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുതിയ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.