ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം പൊലീസിന് വീഴ്ച സംഭവിച്ചതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ചങ്ങനാശ്ശേരിയില്‍ പൊലീസ് ചോദ്യം ചെയ്ത ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഒരു എഫ് ഐ ആർ പോലും ഇടാതെയാണ് ഇവിടെ ചോദ്യം ചെയ്യലിനായി ആത്മഹത്യ ചെയ്ത വ്യക്തിയെ വിളിച്ച് വരുത്തിയത്. ഇതിന് ആരാണ് ഇവർക്ക് അനുവാദം നൽകിയത്. അധികാര പരിധിയില്ലാത്ത കാര്യത്തിലാണ് പോലീസ് ഇടപെട്ടത്.രാഷ്ട്രീയ സ്വാധീനമുണ്ടെങ്കിൽ ഇവിടെ ആർക്കും എന്തും ആകാം എന്നതാണ് അടുത്ത കാലത്ത് പോലിസുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന വിവാദങ്ങൾ തെളിയിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഭരണകക്ഷിക്ക് അനുകൂലമാണെങ്കിൽ പൊലീസിന് എന്തും ചെയ്യാം അതാണ് ചങ്ങനാശ്ശേരി സംഭവം തെളിയിക്കുന്നത്. മഹാരാജസിലുണ്ടായ കൊലപാതകത്തിലേക്കെത്തിച്ച സാഹചര്യം മാർക്സിസ്റ്റ് പാർട്ടി പരിശോധിക്കണം, എസ്എഫ്ഐയും എബിവിപിയും മറ്റ് പ്രസ്ഥാനങ്ങൾക്ക് ക്യാമ്പസുകളിൽ പ്രവർത്തന സ്വാതന്ത്ര്യം നിക്ഷേധിക്കുകയാണ്. പ്രിൻസിപ്പലിന്റെ കസേര കത്തിച്ചവർക്ക് വരെ സംരക്ഷണം നൽകിയ സർക്കാരാണിതെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.
