കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. എഐസിസി പ്രതിനിധി കെവി തങ്കബാലുവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചര്‍ച്ച

ഡിസിസി പ്രസിഡന്റ് നിയമനത്തില്‍ നേതൃത്വവുമായി ഉടക്കിയ ഉമ്മന്‍ചാണ്ടി ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് കെപിസിസി ആസ്ഥാനത്തെത്തിയത്. രണ്ടിലൊന്നറിഞ്ഞ ശേഷമെ ഇനിയുള്ളൂ എന്ന് ഉറപ്പിച്ച് പറഞ്ഞിരുന്ന ഉമ്മന്‍ചാണ്ടിയുടെ മനംമാറ്റത്തിന് കാരണം ഹൈക്കമാന്റ് ഇടപെട്ട് നടത്തിയ ചര്‍ച്ച തന്നെയെന്നാണ് സൂചന. 

നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെയും സഹകരണ മേഖലയിലെ പ്രതിസന്ധിയടക്കമുള്ള ജനകീയ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനെതിരെയും പ്രക്ഷോഭം ശക്തമാക്കാന്‍ യുഡിഎഫ് ധാരണയിലെത്തി. പ്രതിപക്ഷ പ്രവര്‍ത്തനം പോരെന്ന് പലതവണ പറഞ്ഞ ഉമ്മന്‍ചാണ്ടിയുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് തുടര്‍സമരം. പ്രശ്‌നങ്ങള്‍ തീര്‍ന്നെന്ന പ്രതീതി പുറമെ ഉണ്ടെങ്കിലും സംഘടനാ തെരഞ്ഞെടുപ്പടക്കമുള്ള കാര്യങ്ങളില്‍ നേതാക്കള്‍ നിലപാടറിയിച്ചിട്ടില്ല